ഈയിടെയായി കൊറോണയോടനുബന്ധിച്ചു റിവേഴ്‌സ് ഐസൊലേഷൻ എന്ന വാക്ക് നാം ധാരാളം കേൾക്കുന്നുണ്ടാവും.
എന്താണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് നമ്മിൽ പലരും ചിന്തിക്കുന്നുമുണ്ടാകും. ഐസൊലേഷനുമായുള്ള ഇതിന്റെ വ്യത്യാസം എന്താണ് എന്നും ചിന്തിക്കുന്നുണ്ടാകും.
ഐസൊലേഷനിൽ നമ്മൾ ഒരു രോഗിയാണെങ്കിൽ രോഗം മറ്റുള്ളവരിലേയ്ക്ക് പകരാതിരിക്കാൻ വേണ്ടി നാം വീട്ടിലിരിക്കുന്നത് പോലെയുള്ള മുൻകരുതലുകൾ എടുക്കുന്നു. കൂടാതെ അണുബാധ പകരാതിരിക്കാൻ വേണ്ട മാസ്ക് ധരിക്കൽ പോലുള്ള മറ്റു കാര്യങ്ങളും സ്വീകരിക്കുന്നു.
എന്നാൽ റിവേഴ്‌സ് ഐസൊലേഷനിൽ ഒരാൾക്ക് രോഗപ്രതിരോധ ശേഷി കുറവാണെങ്കിൽ അയാളിലേയ്ക്ക് രോഗം എത്തിച്ചേരാതിരിക്കാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുന്ന കാര്യങ്ങളാണ് ചെയ്യുന്നത്.
അതായത് പ്രത്യേകിച്ചും പ്രായം കൂടുതൽ ഉള്ളവരിലും മറ്റു രോഗങ്ങൾ ബാധിച്ചു ആരോഗ്യവും രോഗപ്രതിരോധ ശേഷിയും ക്ഷയിച്ചിരിക്കുന്നവരിലും അവരിലേയ്ക്ക് രോഗം എത്തിച്ചേരാതിരിക്കുവാൻ അവർ ഐസൊലേഷനിൽ കഴിയുന്നതിനോടൊപ്പം പ്രത്യേകിച്ചും മറ്റുള്ളവർ എടുക്കേണ്ട കാര്യങ്ങൾ ആണ് പ്രധാനം.
രോഗസംക്രമണം സാധാരണയായി നടക്കുന്നത് മൂന്ന് രീതിയിലാണ്. ഒന്ന് സ്രവങ്ങളിലൂടെയും, രണ്ട് രോഗമുള്ളവർ തൊട്ട വസ്തുക്കളിൽ നിന്നും, മൂന്ന് വായുവിലൂടെയും. അതിനാൽ തന്നെ റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരെ സമീപിക്കുന്നവർ ഈ മൂന്നു രീതിയിലും രോഗം പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
1 റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരുടെ അടുത്തേയ്ക്ക് പോകുന്നവർ പോകുന്നതിനു മുൻപും അതിനു ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം.
2 റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരുടെ അടുത്തേയ്ക്ക് പോകുന്നവർ മാസ്ക്, ഗ്ലൗസ് പോലുള്ള പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ്സ് (PPE) ഉപയോഗിക്കണം.
3 ഏതെങ്കിലും രീതിയിലുള്ള അസുഖം ഉള്ളവർ റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് ഒഴിവാക്കണം.
4 റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരുമായി പാത്രങ്ങൾ, വസ്ത്രം, തോർത്തു പോലുള്ള തുണിത്തരങ്ങൾ എന്നിവ പോലുള്ളവ തല്ക്കാലം പങ്കുവയ്ക്കുവാൻ പാടില്ല.
5 റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവരുടെ മുറി പ്രത്യേകിച്ചും വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.
6 കഴിയുന്നതും റിവേഴ്‌സ് ഐസൊലേഷനിൽ കഴിയുന്നവർ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് പോലുള്ളവ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ ബ്ലീച്, ടോയ്‌ലറ്റ് ക്ലീനർ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഉപയോഗിക്കുന്നതിന് മുൻപും ശേഷവും അവ വൃത്തിയാക്കേണ്ടതാണ്.
ഇങ്ങനെയുള്ള കാര്യങ്ങൾ ദുർബലരായ എളുപ്പം രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകൾക്ക് വേണ്ടി ചെയ്യുന്നതിനെയാണ് റിവേഴ്‌സ് ഐസൊലേഷൻ എന്ന് പറയുന്നത്.
റിവേഴ്‌സ് ഐസൊലേഷൻ എന്താണ് എന്ന് ഇതോടെ ബോധ്യമായി എന്ന് വിശ്വസിക്കുന്നു.