എൻ്റെ ബാല്യം I മുതൽ കൃഷിയുമായി ഇഴപിരിയാത്ത ഓർമ്മകളാണുള്ളത്. അച്ഛൻ മികച്ച കർഷകനായിരുന്നു. നെല്ലും പച്ചക്കറികളും സ്വന്തം പറമ്പിലും പാട്ടത്തിനെടുത്ത പാടത്തും പറമ്പിലും (പാട്ടം എന്ന് പറഞ്ഞെന്നേയുള്ളൂ, ആലപ്പുഴയിൽ ,പണമൊന്നും കൊടുക്കാതെ തന്നെ ക്യഷിക്ക് താല്പര്യമുള്ളവർക്ക് ‘ ധാരാളം സ്ഥലങ്ങൾ, സ്നേഹത്തോടെ കൊടുക്കുമായിരുന്നു കൃഷിയിൽ താല്പര്യമില്ലാത്ത മറ്റുള്ളവർ.)
തെങ്ങിന് വലിയ തടം വെട്ടി, അതിനുള്ളിൽ പഞ്ഞപ്പുല്ല് നടും തടത്തിനു ചുറ്റിലും, മേക്കായ് നടും. അത് തെങ്ങിലേയ്ക്ക് കെട്ടിയ കയറിലൂടെ ‘ചറുങ്ങനെ പിറുങ്ങനെ ‘പടർന്നു കയറും. ചേമ്പു പോലെ ഒരു കിഴങ്ങാണ് മേക്കായ്”
പാടത്തും പറമ്പും, ഓരോ Area തിരിച്ച് വെള്ളരി, തണ്ണി മത്തൻ, വെണ്ട, ചീര, പാവൽ, പടവലം, കോവൽ, വഴുതന, ചേന, ചേമ്പ്, കാച്ചിൽ, മധുരക്കിഴങ്ങ്, കൂർക്ക, etc കൃഷി ചെയ്യുമായിരുന്നു.
പറമ്പിൽ മണ്ണ് കൂന കൂട്ടി കപ്പയും. വേവിക്കുമ്പോൾ, വിണ്ടുകീറി വരുന്ന ആ കപ്പയുടെ മണവും രുചിയും ഇപ്പോഴും ഇന്ദ്രിയങ്ങളിൽ പടരുന്നു.
കൃഷിയിടങ്ങളിൽ ഇടയ്ക്കിടെ ചെറുപയർ നടുമായിരിന്നു. നൈട്രജൻ മണ്ണിൽ കിട്ടുന്നതു കൊണ്ട് മണ്ണ് ഫലഭൂയിഷ്ടമാകാനാണെന്ന് അച്ഛൻ പറഞ്ഞോർമ്മയുണ്ട്. അത് ഞാനിപ്പോൾ പരീക്ഷിക്കുന്നുണ്ട്.
അന്നത്തെ കാലത്ത് , കുറച്ചു വിൽക്കും കൂടുതലും വെറുതെ കൊടുക്കും അടുത്തുള്ളവർക്കും, ബന്ധുക്കൾക്കും, എല്ലാം.
അന്നൊക്കെ ആൾക്കാരുടെ കയ്യിൽ പണം കുറവാണ്. പക്ഷേ, സമൃദ്ധിയുടെ feeling മനസ്സിലുണ്ടായിരുന്നു. അറ നിറയെ നെല്ല്, കൂന കൂട്ടിയിട്ടിരിക്കുന്ന തേങ്ങയും, മാങ്ങയും, പച്ചക്കറികളും, ചക്കക്കുരുവും, ആഞ്ഞിലിക്കുരുവും, പുളിങ്കുരുവും വരെ സുലഭം.
വേനൽക്കാലത്ത് എല്ലാത്തിനും നനയ്ക്കണം. ആലപ്പുഴ ജില്ലയെ- 2 ഭാഗങ്ങളായി തിരിക്കാം – വേമ്പനാട്ടു കായലും, പുഞ്ചപ്പാടങ്ങളും ഉള്ള ജില്ലയുടെ കിഴക്കൻ പകുതിഭാഗം.
ബാക്കി പകുതി അറബികടലോളം ചെന്നവസാനിക്കുന്ന കര പ്രദേശമാണ്. അവിടെ യായിരുന്നു ഞങ്ങളുടെ വാസസ്ഥലം. വെള്ളമണലും, ധാരാളം കുളങ്ങളും, പടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ കൈത്തോടുകളും, ഉള്ള മനോഹരമായ ആ സ്ഥലങ്ങൾ കുഞ്ചാക്കോയുടെ പഴയ സിനിമകളിൽ – (നസീർ -ഷീല ,സത്യൻ, ജയഭാരതി etc നടിച്ച) കാണാം.
മണൽ പ്രദേശമായതിനാൽ,വേനൽകാലത്ത് വെള്ളം നനയ്ക്കണം തെങ്ങുകൾക്കുൾപ്പെടെ..വലിയവർ നനയ്ക്കുമ്പോൾ, ചെറിയ കുട്ടിയായ എനിക്ക് 2 ചെറിയ മൺകുടങ്ങൾ വാങ്ങിത്തന്നിട്ടുള്ളത് കൊണ്ട് ( കരഞ്ഞു വിളിച്ചപ്പോൾ ) ഞാനും കുളത്തിൽ നിന്ന് വെള്ളം കോരിക്കൊണ്ടുവന്ന് ഒഴിക്കും.- രണ്ടു കയ്യിലും നിറഞ്ഞ കുടം ഒരുമിച്ചു മറിച്ചൊഴിക്കുന്ന രീതിയാണത്.
വീട് നിൽക്കുന്ന ഒരേക്കർ പറമ്പിനുള്ളിൽ തന്നെ 4 കുളങ്ങളുണ്ടായിരുന്നു. വേനൽ കാലത്തേയ്ക്കുള്ള ജലസംഭരണമായിരുന്നു അതെന്ന് ഇപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത്. കന്നി ഭാഗത്തെ കുളം കുളിക്കാനും, മുറ്റത്തുള്ള കുളം കുടിക്കാനുമുള്ളതാണ്.
“എന്ത് മധുരമായിരുന്നു ആ വെള്ളത്തിന് . വഴിയാത്രക്കാർ വീട്ടിൽ വന്ന് വെള്ളം കുടിച്ച്, മുറ്റത്ത് പടർന്ന് പന്തലിച്ച മാവിൻ തണലിൽ ഇരുന്ന് ക്ഷീണം തീർത്ത് പോകുന്നതോർമ്മയുണ്ട്. എന്ത് സഹവർത്തിത്വത്തോടെ ജനങ്ങൾ ജീവിച്ച കാലം. വേലി കെട്ടി , വീടുകൾ ഓരോ തുരുത്താക്കപ്പെട്ടിരുന്നില്ല. ദൂരേയ്ക്ക് യാത്ര ചെയ്യേണ്ടവർക്ക് ഓരോ വീട്ടു പറമ്പുകളിലൂടെ നടന്ന്, വേഗം ലക്ഷ്യസ്ഥാനത്തെത്താം. അതാണ് യഥാർത്ഥത്തിൽ Short cut .
എൻ്റെ BAMS ഡിഗ്രി പഠന കാലത്ത് തന്നെ അമ്മയും പിന്നെ അച്ഛനും ഈ ലോകം വിട്ടു പോയി. വീടും പറമ്പും ഒക്കെ പിന്നീട് വിൽക്കേണ്ടി വന്നു. പഠിച്ച് തീർന്ന് ജോലിക്കായി കണ്ണൂർ ക്ക് പോയി. പിന്നീട് ഗുരുവായൂരിലും. ഇടയ്ക്ക് നാടുകാണാൻ പോകും. നാടു മുഴുവൻ ഓരോ 5 സെൻ്റിലും വീടുകൾ . എല്ലാം മാറിപ്പോയി. ഓണക്കാലത്ത്, പാൽനിലാവിൽ, വെള്ള മണലിൽ തിരുവാതിരയും, പശുവും പുലിയും, തുമ്പിതുള്ളലും ഒക്കെ കളിച്ചയിടങ്ങൾ കാണാനേയില്ല. തെങ്ങുകളിൽ വടം കെട്ടി ആലാത്ത് (വലിയ ഊഞ്ഞാൽ ) കെട്ടി ആടിയ സ്ഥലത്തൊക്കെ ഇപ്പോൾ വീടുകളാണ്. വീടിനും ബസ് സ്റ്റോപ്പിനുമിടയിലുള്ള മുക്കാൽ കിലോമീറ്ററിനുള്ളിൽ 5 കാവുകളും നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാലുകളും ഉണ്ടായിരുന്നു. ഇപ്പോൾ അവയൊക്കെ എവിടെയായിരുന്നു എന്നു പോലും മനസ്സിലാവില്ല .ഓണക്കളമിടാൻ കൂട്ടുകാരുമൊത്ത് പൂക്കൾ പറിക്കാൻ പോയ വീടുകൾ ഇപ്പോൾ എവിടെയാണെന്ന് മനസ്സിലാവുന്നില്ല. നാടു മുഴുവൻ ഞങ്ങൾ കുട്ടികൾ ഓടിക്കളിച്ചിരുന്നു. ആ വഴികളൊന്നും ഇപ്പോഴില്ല. ഓരോ വീടുകളും വേലി കെട്ടിത്തിരിച്ചിരിക്കുന്നു. 20 വർഷത്തിനുള്ളിൽ എല്ലാം മാറിപ്പോയി.
എപ്പോഴും ഓർമ്മകളിലും, സ്വപ്നങ്ങളിലും, പഴയ നാടും നാട്ടുകാരും മരങ്ങളും പാടങ്ങളും ഉണ്ട്. പറങ്കിമാവിൻ്റേയും, സപ്പോട്ടാ മരത്തിൻ്റേയും തിരശ്ചീനമായ കൊമ്പിൽ ഇരുന്ന് പഠിക്കുകയും, അതിൻ്റെ ഇലകളിൽ എഴുതി മനസ്സിലുറപ്പിക്കുകയും ചെയ്തിരുന്ന മരങ്ങളിൽ സപ്പോട്ട മാത്രം ഇപ്പോഴുമവിടെയുണ്ട്. ഓർക്കുമ്പോഴെല്ലാം ഹൃദയത്തിൽ ചെറിയ നൊമ്പരവും കൺ കോണുകളിൽ നനവും പടരാറുണ്ട്.
പക്ഷേ നാട്ടിലെ പ്രിയപ്പെട്ട നാട്ടുകാർ, കൂട്ടുകാർ ഗ്രാമത്തിൻ്റെ നൈർമല്യത്തോടെ ഇന്നും അവിടെയുണ്ട്. ഇതു വായിക്കുമ്പോൾ ആ സുവർണകാലം അവരുടെയുള്ളിലും അലയടിച്ചുയരും. കണ്ണുകൾ നനയും, ഹൃദയം തുടിക്കും.
മെഡിക്കൽ ഓഫീസറായിരിക്കുമ്പോൾ ഒരു കർഷക ഉള്ളിലുറങ്ങിക്കിടന്നിരുന്നു.
.ഞാൻ ഇപ്പോൾ ജീവിക്കുന്ന നാട്ടിൽ 10 സെൻറ് വാങ്ങാനേ കഴിഞ്ഞിട്ടുള്ളു. അതിൽ വീടും patients ൻ്റേയും, യോഗ ക്ലാസ്സിലേയ്ക്ക് വരുന്നവരുടേയും വണ്ടികൾ വരാനും പോകാനുമുള്ള മുറ്റം കഴിഞ്ഞ് ബാക്കിയുള്ള കുറച്ചു സ്ഥലത്ത് ,അവിടെ പറ്റുന്ന വിധത്തിലൊക്കെ കൃഷി ചെയ്യുന്നു. ചീരയും, വെണ്ടയും, വഴുതിനയും, തക്കാളിയും, മുളകും’ കുരുമുളകും മുരിങ്ങയും,മാവും, പ്ലാവും, വാഴയും, തെങ്ങും സപ്പോട്ടയും ,പിന്നെ പൂച്ചെടികളും..
കുറച്ചു സ്ഥലം കൂടി വാങ്ങിക്കാനായാൽ പശുവിനെ വളർത്തണം. കൃഷി വികസിപ്പിക്കണം.
ഒരു ചെടി നട്ടുകഴിഞ്ഞാൽ ,കുഞ്ഞുങ്ങളെ വളർത്തുന്നതു പോലെ,കാൽ വളരുന്നോ, കൈവളരുന്നോ എന്നു നോക്കി പാട്ടുകൾ പാടി, അവയോടു സംസാരിച്ച്, വളർത്തിയെടുക്കുമ്പോൾ നമ്മുടെ മനസ്സും തളിർക്കുകയാണ്. എല്ലാ സസ്യജാലങ്ങൾക്കും മനസ്സുണ്ട്. അവയ്ക്ക് കാണാം, കേൾക്കാം. എല്ലാമവർക്ക് മനസ്സിലാവും.
ഒരു ദിവസം ഞാൻ നോക്കുമ്പോൾ ‘ അടുത്തുള്ള അമ്പലപ്പറമ്പിലെ പാടത്തു നിന്നും ഒരു വള്ളിച്ചെടി നീടിനരികിലുള്ള ചെറിയ പേരമരത്തിലേയ്ക്ക് നീണ്ടു വരുന്നതു കണ്ടു. ഏതാനും ദിവസം കൊണ്ട് പേര ത്തണ്ടിൽ പടർന്നു കയറി. 15 മീറ്ററോളം ദൂരെയുള്ള പേരമരത്തെ, താഴെ പാടത്തു നിൽക്കുന്ന വള്ളിച്ചെടി എങ്ങനെ കണ്ടു.? ഞാനെന്നും നിരീക്ഷിക്കുമായിരുന്നു. അന്നാണെനിക്കുറപ്പായത്, അവയെ Underestimate ചെയ്യരുത് എന്ന്. പിന്നീട് ഞാൻ സസ്യങ്ങളെ പേടിച്ചും ബഹുമാനിച്ചും സ്നേഹിച്ചുമാണ് വളർത്തുന്നത്.
ഇനി വാങ്ങുന്നയിടത്ത് ആശ്രമാന്തരീക്ഷം ഒരുക്കണം’ . യോഗയും, ധ്യാനവും, താന്ത്രിക് റെയ്കിയും,, – അതിൻ്റെ സാധനകളുമായി ,സമാന ചിന്താഗതിക്കാരായ ആളുകൾക്ക് വന്നിരിക്കുവാനും, സാധനകൾ അനുഷ്ഠിക്കുവാനും , എൻ്റെ പ്രിയപ്പെട്ട ശിഷ്യരുമായി ,സംവദിക്കുവാനും കഴിയുന്ന ഒരു ആശ്രമാന്തരീക്ഷം – ഒരുക്കണം..
മനുഷ്യൻ്റെ ജീനുകളിൽ നിക്ഷിപ്തമായിരുന്ന കാർഷിക താല്പര്യം വീണ്ടും, പൊടി തട്ടിയെടുക്കാൻ ” കൊറോണ ” എന്ന സൂക്ഷ്മജീവി വേണ്ടിവന്നു എന്നത് പ്രകൃതിയുടെ തീരുമാനമാകാം. പ്രകൃതിയെ ശല്യപ്പെടുത്തുന്നതിന് അതിരൊക്കെയില്ല. ഭൂമി എത്ര ക്ഷമിക്കും!! ‘കൊറോണ ” ഉപഭോക്തൃ സംസ്കാരത്തിലേയ്ക്കു കൂപ്പുകുത്തിയ മനുഷ്യരെ മാറ്റി ചിന്തിപ്പിച്ചു. . സ്വയം പര്യാപ്തരാവുക എന്ന ആശയം എല്ലാവരുടേയും മനസ്സിൽ രൂപം കൊണ്ടു. . ആധുനിക ശാസ്ത്രത്തിൻ്റെ വികാസം കൊണ്ട് പ്രകൃതിയിൽ നിന്നും അകന്ന മനുഷ്യരെ എത്ര പെട്ടെന്നാണ് മാറ്റിമറിച്ചത്. എല്ലാം നല്ലതിനാവട്ടെ.
ആയുർവേദത്തിൽ പറയുന്ന ജീവിത ചര്യകളും, യോഗ ശാസ്ത്രം പഠിപ്പിക്കുന്ന “ചിത്തവൃത്തി നിരോധവും, ” തന്ത്രശാസ്തം നിർദ്ദേശിക്കുന്ന പ്രപഞ്ച – പ്രാണ ശക്തി ലയവും (അഹം ബ്രഹ്മാസ്മി – എന്ന അറിവ്) മുതലായ പ്രാചീന ശാസ്ത്രങ്ങളും, ആധുനിക സയൻസിൻ്റെ അറിവും തമ്മിൽ ചേർന്നു പോകേണ്ടതുണ്ട്.
ദൗതികതയും ആത്മീയതയും ഒരു നാണയത്തിൻ്റെ 2 വശങ്ങൾ പോലെ നമ്മിൽ തന്നെയുള്ളതാണ്. രണ്ടും വ്യത്യസ്ഥമേയല്ല.
ഇവ സമന്വയിച്ച് മനുഷ്യരാശി പുനർജനിക്കണം. അതിൻ്റെ എല്ലാ ക്രെഡിറ്റും കൊറോണയ്ക്ക് നൽകുകയും വേണം.
സ്നേഹത്തോടെ,
Dr. Ammini S