മുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു തന്നെ ഇതിനെ തല്ക്കാലം ഒരു മുന്നറിയിപ്പായി മാത്രം കണ്ടാൽ മതിയാകും.
കോവിഡ്-19 വൈറസ് പൂച്ചകളിലും, പട്ടികളിലും, കോഴി, താറാവ്, പന്നി എന്നിവയിലും പരീക്ഷണം നടത്തിയതിന്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി.
റിസർച്ച് പ്രകാരം പൂച്ചകളിൽ മാത്രമാണ് കോവിഡ്-19 വൈറസ് ബാധിക്കാനും മറ്റു പൂച്ചകളിലേയ്ക്ക് പടരാനും ഉള്ള കഴിവ് ഉള്ളത്.
അതേസമയം പട്ടി, കോഴി, താറാവ്, പന്നി എന്നീ മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ നമുക്ക് ആശ്വാസം പകരുന്നവ ആണ്.
പൂച്ചകളിൽ ഈ വൈറസ് ബാധിക്കുമെങ്കിലും അവ മനുഷ്യനിലേയ്ക്ക് പകർത്താനുള്ള സാധ്യത എത്രയെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ആദ്യ അനുമാനം അനുസരിച് അതിനുള്ള സാധ്യത വിരളമാണെന്നാണ് മനസ്സിലാക്കപ്പെടുന്നത്. എങ്കിലും പൂച്ചകളിൽ കോവിഡ്-19 വൈറസ് ബാധിക്കാമെന്ന സാധ്യത മനസ്സിലാക്കി അവയെ തല്ക്കാലം കൊറോണ കാലം കഴിയുന്നതുവരെയെങ്കിലും കൊറോണ ബാധിച്ചവരിൽ നിന്നെങ്കിലും അകറ്റി നിർത്തുന്നതാവും അഭികാമ്യം.
എന്തുകൊണ്ടെന്നാൽ ഇങ്ങനെ ചെയ്യുന്നതിലൂടെ പൂച്ചകൾ വഴി കൊറോണ പടരാൻ എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അതൊഴിവാക്കാൻ സാധിക്കും.
ചൈനയിലെ ഹാർബിൻ വെറ്ററിനറി റിസർച്ച് ഇന്സ്ടിട്യൂട്ടിൽ നടത്തിയ പഠനഫലങ്ങളാണ് ഇപ്പോൾ ബയോആർക്കൈവിൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
പരീക്ഷണങ്ങൾക്കുവേണ്ടി വലിയ ഡോസിൽ ഉള്ള കോവിഡ്-19 വൈറസ് പൂച്ചകളുടെ മൂക്കിലൂടെ അവയിലേയ്ക്ക് കടത്തിയാണ് പരീക്ഷണങ്ങൾ നടത്തിയത്. അതിനാൽ തന്നെ യഥാർത്ഥ സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള വൈറസ് ബാധയ്ക്ക് എത്ര മാത്രം സാധ്യത ഉണ്ടെന്ന് അറിവായിട്ടില്ല. പ്രധാന പല വൈറോളജിസ്റ്റുകളുടെയും അഭിപ്രായ പ്രകാരം അതിനുള്ള സാധ്യത കുറവാണെന്നതാണ് ഒരു ആശ്വാസം. അതായത് മനപ്പൂർവം അവയിലേയ്ക്ക് വൈറസ് പ്രവേശിപ്പിക്കുന്നതും യഥാർത്ഥ സാഹചര്യങ്ങളിൽ വൈറസ് അവയിലേയ്ക്ക് പ്രവേശിക്കാനുള്ള സാധ്യതയും വ്യത്യാസപ്പെട്ടിരിക്കും എന്ന വിലയിരുത്തലിൽ നിന്നാണ് ഇങ്ങനെയൊരു അനുമാനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഇതുവരെയുള്ള അറിവനുസരിച് ബെൽജിയത്തിൽ ഒരു പൂച്ചയിലും, ഹോംഗ് കോങ്ങിൽ രണ്ടു പട്ടികളിലും മാത്രമേ കോവിഡ്-19 വൈറസ് കണ്ടെത്തിയിട്ടുള്ളു,
പരീക്ഷണങ്ങളിൽ കോവിഡ്-19 വൈറസ് ബാധ പൂച്ചകളിൽ കാണിച്ചെങ്കിലും വൈറസ് ബാധിച്ച പൂച്ചകൾ ഒരു രോഗലക്ഷണവും കാണിച്ചില്ലെന്നത് പക്ഷേ നമ്മൾ ശ്രദ്ധാപൂർവം കുറച്ചു നാളുകളെങ്കിലും അവയെ അകറ്റി നിർത്തണമെന്നതിന്റെ സൂചനയാണ് നൽകുന്നത്.
ഇതിനെക്കുറിച്ചുള്ള പരീക്ഷണങ്ങൾ വായിക്കാൻ ഈ ലിങ്കിൽ പോവുക.