കൊറോണ വൈറസ് ഒന്നാം ഘട്ടം കടന്ന് രണ്ടിലേയ്ക്കും മൂന്നിലേയ്ക്കും എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ സെൽഫ് ഐസൊലേഷൻ നിർബന്ധമായും ചെയ്യേണ്ടതിന്റെ പിന്നിലെ ശാസ്ത്രീയ വശം അറിഞ്ഞിരുന്നാൽ കൂടുതൽ ഉത്തരവാദിത്തത്തോടെ അങ്ങനെ ചെയ്യാൻ സഹായിക്കും എന്ന ഒരു തോന്നലിൽ നിന്നാണ് ഈ ആർട്ടിക്കിൾ എഴുതാൻ തീരുമാനിച്ചത്.

കോവിഡ്-19 ശാസ്ത്രീയമായ അറിവുകൾ എന്തൊക്കെ ?
Spread the love
ശാസ്ത്രീയമായി ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്ന ചില കാര്യങ്ങൾ ആദ്യമായി പറയാം. ഇത് വെറുതെ എഴുതുന്ന ആളിന്റെ അനുമാനത്തിൽ നിന്നും പറയുന്നതല്ല. സംശയമുള്ളവർക്കായി ഏതു ശാസ്ത്ര ഗ്രൂപ്പ് ഏതു സയൻസ് ജേർണലിൽ പബ്ലിഷ് ചെയ്ത വർക്ക് ആണെന്ന് ഇതോടൊപ്പം കൊടുക്കുന്നു.
ആദ്യമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം 60 ശതമാനം ആളുകളിൽ കൊറോണ ബാധിച്ചാലും ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല അല്ലെങ്കിൽ ചിലപ്പോൾ ചെറിയ ചില ലക്ഷണങ്ങൾ മാത്രമേ കാണൂ എന്നതാണ്. ഇത് മൈക്കേൽ ഓസ്റ്റർഹോം എന്ന ശാസ്ത്രജ്ഞൻ കൊറോണയുടെ പല ഗവേഷണങ്ങളും അനലൈസ് ചെയ്ത ശേഷം കണ്ടെത്തിയതാണ്. അദ്ദേഹം മിനിയപോളിസ് ലെ യൂണിവേഴ്സിറ്റി ഓഫ് മിന്നെസോട്ട യിലെ സെന്റർ ഫോർ ഇൻഫെക്ഷ്യസ് ഡിസീസസ് റിസർച്ച് ആൻഡ് പോളിസി യിലെ ഡയറക്ടർ ആണ്.
കൂടാതെ കുട്ടികൾക്ക് കൊറോണ ബാധിച്ചാൽ അതിൽ 56 % പേരിലും ചിലപ്പോൾ ലക്ഷണങ്ങൾ ഒന്നും തന്നെ കാണില്ല അല്ലെങ്കിൽ ചിലപ്പോൾ ജലദോഷപ്പനി പോലുള്ള ചെറിയ ചില ലക്ഷണങ്ങൾ മാത്രമേ കാണൂ എന്നും കണ്ടെത്തിയിരിക്കുന്നു.
ഇതെന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അവരുടെ രോഗപ്രതിരോധ ശേഷി കൂടുതൽ ആയതുകൊണ്ടാകാം എന്നാണ് ഒരു ഉത്തരം.
കൂടാതെ മറ്റൊരു ഗവേഷണത്തിൽ കണ്ടുപിടിച്ചത് ഇങ്ങനെ രോഗലക്ഷണങ്ങൾ കാണിച്ചില്ലെങ്കിലും അവരുടെ തൊണ്ടയിലുള്ള സ്രവം ടെസ്റ്റ് ചെയ്തു നോക്കിയപ്പോൾ കൂടിയ അളവിൽ കൊറോണ വൈറസ് കാണപ്പെട്ടു എന്നതാണ്.
അതിനർത്ഥം അങ്ങനെയുള്ള ആൾക്കാർ ചുമയ്ക്കുന്നതിലും തുമ്മുന്നതിലും കൂടെ വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചേരുന്നു എന്നുള്ളതാണ്. ഈ പ്രതിഭാസത്തിന് വൈറൽ ഷെഡിങ് എന്നാണ് പറയുന്നത്.
ഇതിന്റെ അപകടം എന്താണെന്നു വച്ചാൽ ഒരാൾക്ക് കൊറോണ ബാധിച്ചാലും അയാൾ വലിയ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാൽ അത് ശ്രദ്ധിക്കാതെ സമൂഹത്തിൽ നടന്ന് ഈ വൈറസ് നെ മറ്റുള്ളവർക്കും പടർത്താനുള്ള സാധ്യത കൂടുതലാണ് എന്നതാണ്.
കൂടാതെ കൊറോണ ഒരാളിൽ എത്തിച്ചേർന്നു കഴിഞ്ഞാൽ 2 മുതൽ 14 ദിവസം വരെ എന്ന് പറയുന്നുണ്ടെങ്കിലും മിക്കവാറും 5-6 ദിവസത്തിന് ശേഷം മാത്രമേ അതിന്റെ ലക്ഷണങ്ങൾ കൂടുതലായി കാണിച്ചു തുടങ്ങൂ എന്നതാണ്.
അതുവരെ അയാൾ രോഗം മറ്റുള്ളവരിലേക്ക് പടർത്താനുള്ള സാധ്യത കൂടുതലാണെന്നു ചുരുക്കം.
ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് സെല്ഫ് ഐസൊലേഷൻ അല്ലെങ്കിൽ വീട്ടിൽ മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ ഇരിക്കലിന്റെ പ്രാധാന്യം ആണ്.
അതായത് നിങ്ങൾ കൊറോണ ബാധയുള്ള ആളുമായി എപ്പോഴെങ്കിലും സമ്പർക്കത്തിൽ ആയി എന്ന് മനസ്സിലായാൽ നിങ്ങൾ രോഗലക്ഷണം കാണിച്ചില്ലെങ്കിലും നിർബന്ധമായും വീട്ടിൽ ഐസൊലേഷനിൽ കഴിയണം എന്നാണ് ഈ കണ്ടുപിടിത്തങ്ങൾ എല്ലാം സൂചിപ്പിക്കുന്നത്.
ഇങ്ങനെ 60 ശതമാനത്തോളം ആളുകളിൽ കൂടെ പകരുന്ന അണുബാധയാണ് കൂടുതലും എങ്ങനെയെന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത കമ്മ്യൂണിറ്റി സ്പ്രെഡ് ന് അടിസ്ഥാനം എന്നാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന് നത്.
അതായത് ഇങ്ങനെയുള്ള ആളുകൾ സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ, ഉദാഹരണത്തിന് അയാൾ ഒരു ബസിൽ കയറി എന്നിരിക്കട്ടെ അയാളുടെ അണുബാധയുള്ള സ്രവം എങ്ങനെയെങ്കിലും ബസിന്റെ സീറ്റിലോ കമ്പിയിലോ ഒക്കെ പറ്റാനുള്ള സാധ്യത ഉണ്ട്. അത് അങ്ങനെ പിന്നീട് ആ സീറ്റിൽ ഇരിക്കുന്ന ആളിലേയ്ക്കും പകരാം. ഇങ്ങനെ പകരുന്നതിന്റെ സോഴ്സ് നമുക്കൊരിക്കലും കണ്ടെത്താനാവില്ല. ഇങ്ങനെയുള്ള കമ്മ്യൂണിറ്റി സ്പ്രെഡ് ആണ് കോവിഡ് നെ മൂന്നാം സ്റ്റേജിൽ എത്തിക്കുന്നത്.
ഇപ്പോൾ കണ്ടുപിടിക്കപ്പെട്ട പ്രകാരം, രോഗമുള്ള ഒരാൾ ആവറേജ് എടുത്താൽ 2.6 ആളുകളിലേക്ക് രോഗം പടർത്തുന്നു എന്നതാണ്. അങ്ങനെ ഓരോ സൈക്കിളുകൾ കഴിയുമ്പോഴും രോഗികളുടെ എണ്ണം എക്സ്പൊണെന്ഷ്യല് ആയി കൂടി വരും.
ഇപ്പോഴത്തെ ലോക്കൽ ട്രാൻസ്മിഷൻ നിലൂടെ ക്ലസ്റ്ററുകളായി അവിടവിടെ ഉണ്ടായ രോഗം അടുത്ത സ്റ്റേജുകളിൽ കമ്മ്യൂണിറ്റി സ്പ്രെഡിലൂടെ പടർന്നു നിയന്ത്രിക്കാനാവാത്ത വിധം വർധിക്കും എന്നാണ് എല്ലാ രാജ്യത്തു നിന്നുമുള്ള ട്രെൻഡ് അല്ലെങ്കിൽ പാറ്റെണുകൾ സൂചിപ്പിക്കുന്നത്.
അതുകൊണ്ട് ദയവുചെയ്ത് രോഗം ബാധിച്ച ആരെങ്കിലുമായി നിങ്ങൾ സമ്പർക്കത്തിൽ വന്നു എന്നറിഞ്ഞാൽ നിങ്ങൾ തന്നെ നിർബന്ധമായും വീട്ടിൽ ഐസൊലേഷനിൽ കഴിയുക. അങ്ങനെ കഴിയുമ്പോൾ നിങ്ങളുടെ വീട്ടുകാരും പുറത്തു മറ്റാരുമായും ഇടപഴകാതിരിക്കാൻ സൂക്ഷിക്കുക.
ഇതൊക്കെ ചെയ്യാൻ അത്ര ഈസിയായ കാര്യമല്ല എന്നറിയാം. എങ്കിലും ഇറ്റലിയുടെയും മറ്റു സമ്പന്ന രാജ്യങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി നാം നിർബന്ധമായും വീട്ടിൽ ഇരുന്നേ മതിയാവൂ.