ബെൽജിയത്തിൽ 12 വയസ്സുകാരി കോവിഡ്19 ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത ദുഃഖത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകവും വൈദ്യശാസ്ത്ര സമൂഹവും കാണുന്നത്.
ബെൽജിയത്തിന്റെ ക്രൈസിസ് സെന്റർ കോറോണവൈറസ് വക്താവ് ഇമ്മാനുവൽ ആന്ദ്രേ വളരെ മാനസിക വ്യഥയോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.
കുട്ടികളിൽ കോവിഡ് അധികം പ്രശ്നം ഉണ്ടാക്കില്ല എന്നായിരുന്നു വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെയുണ്ടായിരുന്ന ഒരു വിശ്വാസം.
എന്നാൽ മറ്റൊരു അസുഖങ്ങളും ഇല്ലാതെ തന്നെ കോവിഡ് ബാധിച്ചു ഈ കുട്ടി മൂന്നാം നാൾ മരണത്തിനു കീഴ്‌പ്പെട്ടത് വൈദ്യശാസ്ത്ര സമൂഹമൊന്നാകെ ആശ്ചര്യത്തോടെയാണ് കാണുന്നത്.
ഇത് കൂടാതെ പോർട്ടുഗലിൽ 14 വയസ്സുള്ള കുട്ടിയുടെയും, 16 വയസ്സുള്ള പാരിസിയൻ പെൺകുട്ടിയുടെയും മരണവും ഇങ്ങനെ മറ്റു അസുഖങ്ങളൊന്നും കൂടാതെ കോവിഡ് മൂലം മാത്രം ഉണ്ടായതാണെന്നത്. ശാസ്ത്രസമൂഹത്തെയൊന്നാകെ കുഴക്കുന്നുണ്ട്.
ഇതിൽ ഒരു ജനതയെന്ന നിലയ്ക്ക് ഏതു രാജ്യക്കാരാണെങ്കിലും നാം എല്ലാവരും മനസ്സിലാക്കേണ്ടത് ഈ രോഗം വരാതിരിക്കാനും, വന്നാൽ പകർത്താതിരിക്കാനും നാമെത്രമാത്രം ശ്രമിക്കണം എന്നുള്ളതിന്റെ ആവശ്യകതയെക്കുറിച്ചാണ്.
ഈ വർത്തയെല്ലാം തന്നെ നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നത് സെൽഫ് ഐസൊലേഷന്റെ ആവശ്യകതയെക്കുറിച്ചാണ്.
അതിനാൽ നിങ്ങൾ എവിടെയായിരിക്കുന്നുവോ അവിടെ കഴിവിന്റെ പരമാവധി ക്ഷമയോടെ പുറത്തേക്കൊന്നും പോകാതെ ഇരിക്കുക എന്നുള്ളത് തന്നെയാണ് നിങ്ങളുടെയും, നിങ്ങളുടെ ഉറ്റവരുടെയും, ഈ സമൂഹത്തിന്റെയും നിലനിൽപ്പിനും ആരോഗ്യത്തിനും അഭികാമ്യം.
നമുക്കൊറ്റക്കെട്ടായി ഈ മഹാമാരിയെ ചെറുക്കാം. ബ്രേക്ക് ദി ചെയിൻ എന്ന ഈ മഹത്സംരംഭത്തിൽ നമ്മുടെ പങ്ക് ഏറ്റവും നന്നായി വഹിക്കാം.