അമ്മേ എന്താണമ്മേ ഈ കോവിഡ്-19 കൊറോണ വൈറസ്?
അത് മോനേ അത് രോഗം പരത്തുന്ന ഒരു തരം രോഗാണു ആണ്.
എന്ത് രോഗമാണമ്മേ കൊറോണ വൈറസ് കൊണ്ടുണ്ടാകുന്നത്?
അത് മോനേ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ എത്തിയാൽ നമുക്ക് പനി, ജലദോഷം, ചുമ, തുമ്മൽ, ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ, ചിലർക്ക് തലവേദന, വയറിളക്കം എന്നീ രോഗങ്ങൾ ഉണ്ടാകും.
രോഗം കൂടിയാൽ ന്യൂമോണിയ, കിഡ്‌നി തകരാറ് മറ്റവയവങ്ങൾക്ക് തകരാറ് എന്നിവയും സംഭവിക്കാം. അങ്ങനെ രോഗം കൂടുന്നവർ ചിലപ്പോൾ മരിച്ചുപോയെന്നും വരാം.
അമ്മേ എങ്ങനെയാണമ്മേ ഈ കൊറോണ വൈറസ് നമ്മുടെ ശരീരത്തിൽ എത്തുന്നത് ?
അത് മോനേ ഈ രോഗം ബാധിച്ച ഏതെങ്കിലും രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അവരുടെ ഒരു മീറ്റർ എങ്കിലും അടുത്ത് നിൽക്കുന്നവർക്ക് അവർ ശ്വസിക്കുമ്പോൾ കൊറോണ വൈറസ് അടങ്ങിയ തുള്ളികൾ ഉള്ളിലേയ്ക്ക് പോകാനുള്ള സാധ്യത ഉണ്ട്. അങ്ങനെ കൊറോണ വൈറസ് അടങ്ങിയ തുള്ളികൾ അകത്തേയ്‌ക്കെത്തിയാൽ അയാൾക്കും രോഗം ഉണ്ടാകും.
മോൻ തുമ്മുമ്പോൾ ശ്രദ്ധിച്ചിട്ടുണ്ടോ മോന്റെ വായിൽ നിന്നും തുപ്പൽ പോലുള്ള തുള്ളികൾ പുറത്തേയ്ക്കു വരുന്നത്. മോൻ കമ്പ്യൂട്ടറിലോ മൊബൈലിലോ കളിക്കുമ്പോഴോ പുസ്തകം വായിക്കുമ്പോഴോ ഒക്കെ തുമ്മുമ്പോൾ അതിലൊക്കെ തുള്ളികൾ തെറിച്ചു വീഴുന്നത് കണ്ടിട്ടുണ്ടാകുമല്ലോ ഇല്ലേ?
ഉണ്ടമ്മേ
അങ്ങനെ രോഗമുള്ള ആൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ അടുത്ത് നിൽക്കുന്ന ആളുകൾക്കാണ് ഈ രോഗം ഉണ്ടാകാൻ ഏറ്റവും കൂടുതൽ ചാൻസ് ഉള്ളത്.
അപ്പോൾ ഈ രോഗം വരാതിരിക്കാൻ എന്ത് ചെയ്യണമമ്മേ?
അത് മോനേ തുമ്മലോ ചുമയോ ഉള്ള ആളുകൾ എല്ലാവരും അവരുടെ വായും മൂക്കുമൊക്കെ നന്നായി മൂടുന്ന രീതിയിൽ മാസ്ക് ഉപയോഗിച്ചാൽ മതി. ഈ രോഗം മറ്റുള്ളവർക്ക് വരുന്നത് കുറെയധികം തടയാൻ സാധിക്കും. പിന്നെ ഈ രോഗം വളരെ പെട്ടെന്ന് പടരുന്നതായതിനാൽ രോഗമുള്ളവർ ഒരു 14 മുതൽ 24 ദിവസം വരെ ആശുപത്രിയിൽ ഐസൊലേഷനിൽ കഴിയുകയോ അല്ലെങ്കിൽ ഡോക്ടർ പറയുകയാണെങ്കിൽ അവരുടെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്.
അതെന്തിനാ അമ്മെ അവർ വീട്ടിൽ ഇരിക്കുന്നത്? അവർ മാസ്ക് ധരിച്ചാൽ പോരേ?
ഇല്ല മോനേ മാസ്ക് ധരിച്ചാലും അവർ പുറത്തിറങ്ങി നടക്കുമ്പോൾ അവരുടെ കൈയ്യിൽ നിന്നോ, വസ്ത്രങ്ങളിൽ നിന്നോ, അല്ലെങ്കിൽ മാസ്ക് അവർ ശ്രദ്ധിക്കാതെ എവിടെയെങ്കിലും ഇട്ടാലോ ഒക്കെ രോഗാണു മറ്റുള്ള സ്ഥലങ്ങളിൽ പറ്റിയിരിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെയിരിക്കുന്ന രോഗാണു രോഗമില്ലാത്ത ഒരാൾ ആ സ്ഥലത്തുപോയി തൊടുകയോ അവിടെയിരിക്കുകയോ ഒക്കെ ചെയ്താൽ അവരുടെ കൈയിലോ വസ്ത്രത്തിലോ ഒക്കെ പറ്റിയിരിക്കും. അങ്ങനെ രോഗാണു പറ്റിയ കൈ കൊണ്ട് ആ ആൾ അയാളുടെ മുഖത്തോ മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോൾ ആ രോഗാണു അയാളുടെ ഉള്ളിലേയ്ക്ക് പോകാനുള്ള സാധ്യത ഉണ്ട്.
കൂടാതെ അയാളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്ന വൈറസും അയാളുടെ കൈയ്യിൽ എപ്പോഴെങ്കിലും പറ്റി അയാളുടെ ഉള്ളിൽ എത്തിച്ചേരാനുള്ള സാധ്യത ഉണ്ട്.
രോഗം പകരാൻ വേറെ എന്തെങ്കിലും മാർഗം ഉണ്ടോ അമ്മേ?
ഉണ്ട് മോനേ രോഗാണു കൈയ്യിൽ പറ്റിയ ആൾ ആ കൈ വച്ച് എവിടെ തൊട്ടാലും അവിടെയൊക്കെ രോഗാണു പറ്റിപ്പിടിച്ചിരിക്കും. അവിടെ നിന്നും അടുത്ത ആളിന്റെ കൈയിലോ വസ്ത്രങ്ങളിലോ ഒക്കെ ഇതുപോലെ തന്നെ രോഗാണു പടരാൻ ഇടയുണ്ട്. പിന്നെ അവരുടെയും ഉള്ളിൽ ഈ പറഞ്ഞതുപോലെ രോഗാണു എത്താൻ സാധ്യത ഉണ്ട്.
അപ്പോൾ അമ്മേ നേരത്തെ പറഞ്ഞത് രോഗിയുടെ ഒരു മീറ്ററിനുള്ളിലുള്ള ആൾക്ക് മാത്രമേ രോഗം പിടിക്കൂ എന്നാണല്ലോ?
അത് മോനേ രോഗിയുടെ ഒരു മീറ്ററിനുള്ളിലുള്ള ആൾക്കാർക്കാണ് രോഗം പിടിക്കാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ളത്. അതിന് ലോകാരോഗ്യ സംഘടന പറയുന്നത് ഡയറക്റ്റ് അല്ലെങ്കിൽ ലോക്കൽ ട്രാൻസ്മിഷൻ എന്നാണ്.
രണ്ടാമത്തെ രീതിയിൽ പടരുന്നതിന് കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ അല്ലെങ്കിൽ കമ്മ്യൂണിറ്റി സ്പ്രെഡ് എന്നു പറയുന്നു.
അതുകൊണ്ട് ഈ രണ്ടു രീതിയിലും രോഗം പടരുന്നത് ഒഴിവാക്കാൻ രോഗലക്ഷണം ഉള്ളവർ നിർബന്ധമായും ഒരു 14 ദിവസമെങ്കിലും വീട്ടിൽ തന്നെ ഇരിക്കണമെന്ന് ലോകാരോഗ്യസംഘടനയും നമ്മുടെ ഗവൺമെന്റും ഒക്കെ പറയുന്നത്.
അപ്പോ രോഗലക്ഷണം ഉള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ രോഗം പടരില്ല അല്ലെ അമ്മേ?
മോനേ രോഗലക്ഷണം ഉള്ളവർ വീട്ടിൽ ഇരിക്കുമ്പോഴും അവരും മറ്റ് വീട്ടിലുള്ളവരും നന്നായി ശ്രദ്ധിച്ചു അത്യാവശ്യം വേണ്ട ചില കാര്യങ്ങൾ ചെയ്തില്ലെങ്കിൽ രോഗം പടരാൻ സാധ്യത ഉണ്ട്.
അതെന്തോക്കെയാണമ്മേ?
ശരി മോനേ അതെന്തൊക്കെയാണെന്ന് ‘അമ്മ അക്കമിട്ടു പറയാം.
1. മോനേ, രോഗലക്ഷണം ഉള്ളവർ വീട്ടിൽ ഇരിക്കുമ്പോൾ അവർ ഒരു മുറിയിൽ തന്നെ മാസ്ക് ഒക്കെ ഇട്ടുകൊണ്ട് ഇരിക്കണം. മറ്റുള്ളവർ ആ മുറിയിൽ വേണ്ട കരുതൽ ഇല്ലാതെ വെറുതേ കയറിയിറങ്ങിയാൽ അവർക്കും രോഗം പിടിപെടാൻ സാധ്യത ഉണ്ട്. കൂടാതെ മറ്റുള്ളവർ മുറിയിൽ ഭക്ഷണം കൊടുക്കാനോ മരുന്ന് കൊടുക്കാനോ ഒക്കെ വരുന്നതിനു മുൻപ് രോഗലക്ഷണം ഉള്ളവർ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുകയോ ആൽക്കഹോൾ കൊണ്ടുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുകയോ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ കൈയ്യിൽ നിന്നും രോഗാണു മറ്റുള്ളവരിലേയ്ക്ക് പകരാൻ സാധ്യത ഉണ്ട്.
കൂടാതെ അവരെ ശുശ്രൂഷിക്കുന്നവർ മുറിയിൽ കയറുമ്പോൾ പരമാവധി മറ്റെവിടെയും തൊടാതെ ശ്രദ്ധിക്കണം. രോഗിയിൽ നിന്നും രോഗാണു മറ്റു പ്രതലങ്ങളിലും പറ്റിപ്പിടിക്കാൻ സാധ്യത ഉള്ളതുകൊണ്ടാണിത് ചെയ്യേണ്ടത്.
പിന്നെ ചെയ്യേണ്ടത് രോഗിയെ ശുശ്രൂഷിക്കുന്നവരും വീട്ടിലുള്ള മറ്റുള്ളവരും ആണ്. അവരാണ് രോഗം മറ്റുള്ളവരിലേയ്ക്ക് പടർത്താതിരിക്കാനും അവർക്ക് തന്നെ രോഗം വരാതിരിക്കാനും ശ്രദ്ധിക്കേണ്ടത്.
അതെന്തോക്കെയാണമ്മേ?
മോനേ രോഗം ഉണ്ടെന്ന് സംശയിക്കുന്നവരുടെ മുറിയിൽ കടക്കുന്നവരൊക്കെ മാസ്കും കയ്യുറയും ധരിച്ചിരിക്കണം. മുറിയിൽ നിന്നും പുറത്തു വന്നതിനു ശേഷം മാസ്കും കയ്യുറയും ഒരു പ്ലാസ്റ്റിക് ബാഗിൽ ഇട്ട് കെട്ടി വയ്ക്കണം. പറ്റുമെങ്കിൽ ആ പ്ലാസ്റ്റിക് ബാഗ് പറന്നു പോകാത്ത വിധത്തിൽ വെയിലും സൂര്യ പ്രകാശവും ഉള്ള സ്ഥലത്തു വയ്ക്കുന്നതായിരിക്കും നല്ലത്.
കൂടാതെ മാസ്കും കൈയ്യുറയും ഊരിയ ശേഷം നിർബന്ധമായും കൈ സോപ്പിട്ട് നന്നായി കൈയ്യുടെ തണ്ട മുതൽ വിരൽ വരെ, കൈയ്യുടെ അകവും പുറവും, വിരലുകളുടെ ഇടയിലും. തള്ളവിരലിനു ചുറ്റും, നഖങ്ങൾക്കിടയിരും ഒക്കെ സോപ്പ് നന്നായി എത്തുന്ന രീതിയിൽ 20 സെക്കൻഡ് എങ്കിലും നീണ്ടുനിൽക്കുന്ന രീതിയിൽ കഴുകണം.
അതെന്താണമ്മേ 20 സെക്കൻഡ് എന്ന് പറയുന്നത്?
മോനേ പഠനം നടത്തിയതിൽ നിന്നും 20 സെക്കൻഡ് എങ്കിലും കൈ സോപ്പിട്ടു കഴുകിയാലേ രോഗാണുക്കളൊക്കെ 99 ശതമാനവും പോകൂ എന്നാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. 20 സെക്കൻഡ് എന്ന് പറയുമ്പോൾ നമ്മൾ ഒന്ന് മുതൽ സ്പീഡിൽ ഏകദേശം 70 വരെ എണ്ണുന്ന സമയം വരെ ഇങ്ങനെ നന്നായി കൈ കഴുകണം.
അതിൽ കുറച്ചു സമയം മാത്രം കൈ കഴുകിയാൽ മുഴുവനായും രോഗാണു നമ്മുടെ കൈയ്യിൽ നിന്നും പോയി എന്ന് ഉറപ്പാക്കാൻ കഴിയുകയില്ല.
പിന്നെ നമ്മൾ പറഞ്ഞു വന്ന കാര്യം. രോഗി ഉപയോഗിച്ച പാത്രങ്ങളും മറ്റും ഇതുപോലെ അകവും പുറവും നന്നായി സോപ്പുപയോഗിച്ചു കഴുകണം.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും ശുശ്രൂഷിക്കുന്നവർ ഉപയോഗിക്കുന്ന വസ്ത്രങ്ങളും അപ്പോൾ തന്നെ സോപ്പുവെള്ളത്തിൽ ഇട്ടു വച്ചതിനു ശേഷം നന്നായി കഴുകി വെയിലിൽ ഉണക്കിയെടുത്താൽ എല്ലാ രോഗാണുവും നശിക്കും.
കൂടാതെ പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കിവച്ചതിനുശേഷം കഴുകുന്നതും അല്ലെങ്കിൽ 70 ഡിഗ്രിയോളം ചൂടുള്ള വെള്ളം ഉപയോഗിച്ച് സോപ്പിട്ടു കഴുകുന്നതും നല്ലതാണ്.
അമ്മേ അപ്പുറത്തെ രാമു പറഞ്ഞല്ലോ ചൂട് കൊണ്ട് കൊറോണ ചാകില്ലെന്ന്?
മോനേ കൊറോണ ഒരു പുതിയ ഇനം വൈറസ് ആണ്. അതുകൊണ്ടുതന്നെ ആർക്കും അതിനെക്കുറിച്ചു എല്ലാ വിവരവും അറിയില്ല. അതെങ്ങനെ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നു, എത്ര നേരം വസ്ത്രങ്ങളിലും മേശ, കസേര പോലെയുള്ള പ്രതലങ്ങളിലും ഒക്കെ ജീവനോടെ ഇരിക്കുന്നു എന്നൊക്കെ പഠിച്ചുകൊണ്ടിരിക്കുന്നതെ ഉള്ളു. കൂടുതൽ കോറോണയുടെ ശാസ്ത്രീയ പരീക്ഷണ വിവരങ്ങൾ അറിയാൻ മോൻ https://ofasconnect.com/a-glimpse-of-the-current-research-on-covid-19/ എന്ന ഈ സൈറ്റിൽ നോക്കിയാൽ മതി. അതിൽ കോറോണയെക്കുറിച്ചു നടന്ന ശാസ്ത്രീയ പരീക്ഷണങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. കൂടാതെ ആ പരീക്ഷണങ്ങളെ കുറിച്ച് മോന് കൂടുതൽ വായിക്കാൻ താല്പര്യമുണ്ടെങ്കിൽ അതിൽ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും.
എന്നാലും ഇപ്പോൾ അറിയാവുന്ന വിവരങ്ങൾ എന്തോക്കെയാണമ്മേ?
മോനേ കൊറോണ ഒരു മരുന്ന് കണ്ടുപിടിക്കാത്ത, മരണത്തിനു വരെ കാരണമായേക്കാവുന്ന ഒരു വൈറസ് ആയതുകൊണ്ട് ഇപ്പോൾ ലാബുകളിൽ അത്യാവശ്യം വേണ്ട എല്ലാ സുരക്ഷാ സംവിധാനത്തിനുള്ളിൽ വച്ച് മാത്രമേ പഠനങ്ങൾ നടത്തിയിട്ടുള്ളു.
അതിൽ നിന്നും ഇപ്പോൾ മനസ്സിലായിരിക്കുന്നതു കൊറോണയുടെ കൊമ്പുകൾ പോലെയുള്ള (സ്പൈക്സ്) വസ്തുക്കളിൽ ഉള്ള പ്രോട്ടീൻ തന്മാത്രകൾ ഉപയോഗിച്ചാണ് അവ നമ്മുടെ ശരീര കോശങ്ങളിൽ പറ്റിപ്പിടിച്ചു പ്രവർത്തനം നടത്തുന്നതെന്നാണ്. നമ്മുടെ ശ്വാസകോശങ്ങളിലും കരളിലും, ചെറുകുടലിലും എല്ലാം ഉള്ള കോശങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഫ്യൂറിൻ എന്ന എൻസൈം ആണ് കൊറോണയുടെ ഈ കൊമ്പുകളിൽ ഉള്ള ചില ഭാഗങ്ങളെ ആക്ടിവേറ്റ് ചെയ്തു പറ്റിപിടിക്കാനും പ്രവർത്തിക്കാനും സഹായിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടാണ് ഈ അവയവങ്ങളെ കൊറോണ ബാധിക്കുന്നത്. അതിൽ ആദ്യം കൊറോണ വൈറസ് എത്തിച്ചേരാൻ സാധ്യത ഉള്ള അവയവം ശ്വാസകോശം ആണ്. അതുകൊണ്ട് ശ്വാസകോശത്തിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതൽ ശക്തിയായി ആക്രമിക്കുന്നത്. അവിടെ ഇത് വിഘടിച്ചു പെരുകുമ്പോൾ പിന്നെ രക്തത്തിൽ കൂടെ മറ്റ് അവയവങ്ങളിലും എത്തിച്ചേരുന്നു. അങ്ങനെ ആ അവയവങ്ങളും തകരാറിലാക്കുന്നു.
കൊറോണ ചൂടിൽ എങ്ങനെ കൊല്ലപ്പെടും എന്ന് പറയൂ അമ്മേ …
മോനേ നേരത്തേ പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ കൊറോണ ചൂടിലും മറ്റു പ്രതലങ്ങളിലും എത്ര സമയം ജീവിച്ചിരിക്കുമെന്ന് ശരിയായ വിവരങ്ങൾ ഇല്ല. പിന്നെ പല കൊറോണ ബാധിച്ച കേസുകളിലും രാജ്യങ്ങളിലും നിന്നൊക്കെയുള്ള റിപ്പോർട്ടുകളുടെ സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് വച്ചാണ് ഇപ്പോഴുള്ള ചില അനുമാനങ്ങൾ വന്നിരിക്കുന്നത്.
അതിങ്ങനെയാണ്.
1) കൊറോണ വൈറസ് 27 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുണ്ടെങ്കിൽ അതിന്റെ ആക്ടിവിറ്റി കുറയും. ഇതിനർത്ഥം 27 നു മുകളിൽ ചൂട് കൊറോണയെ കൊല്ലും എന്നല്ല. ആ ചൂടിൽ കൊറോണയുടെ വിഘടിച്ചു പെരുകാനുള്ള ശേഷി കുറവായിരിക്കും. വിഘടിച്ചു പെരുകുമ്പോഴാണ് ഈ രോഗാണുക്കൾക്ക് ശക്തിയും പ്രഹരശേഷിയും കൂടുന്നത്. അതുകൊണ്ടാണ് ഇന്ത്യയിലും ആഫ്രിക്കയിലുമൊക്കെ കൊറോണയുടെ പ്രഹരശേഷി കുറയുന്നത്.
പക്ഷെ ഇതിനർത്ഥം കൊറോണ ചൂടുള്ള സ്ഥലങ്ങളിൽ പടരില്ല എന്നല്ല. ചൂടുള്ള സ്ഥലങ്ങളിൽ കൊറോണയുടെ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ ന്റെ തോത് കുറവായിരിക്കും എന്ന് മാത്രം. അതായതു രോഗിയുടെ സ്രവം എവിടെയെങ്കിലും വീണിട്ടുണ്ടെങ്കിൽ, അത് ചൂടും വെളിച്ചവും ഒക്കെ നന്നായി ഉള്ള സ്ഥലമാണെങ്കിൽ കൊറോണ പെരുകാനും അങ്ങനെ ആരിലേയ്ക്കെങ്കിലും എത്തിപ്പെടാനും ഉള്ള സാഹചര്യം കുറവായിരിക്കും എന്ന് മാത്രം.
പക്ഷെ മോനേ ഇവിടെയും ഡയറക്റ്റ് ട്രാൻസ്മിഷൻ എല്ലാ രാജ്യങ്ങളിലും ഉള്ളതുപോലെ തന്നെയാണ്. രോഗിയുടെ 1 മീറ്റർ അടുത്തുനിൽക്കുമ്പോൾ രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ അങ്ങനെ രോഗാണുവുള്ള സ്രവം നമ്മുടെ ഉള്ളിലേക്കെത്തിയാൽ തീർച്ചയായും നമ്മൾ രോഗബാധിതരാവും.
അമ്മേ കൊറോണ വൈറസ് പുറത്തു വച്ച് വിഘടിച്ചു പെരുകില്ല എന്ന് പറയുന്നുണ്ടല്ലോ? അപ്പോൾ കമ്മ്യൂണിറ്റി സ്പ്രെഡ് ഉണ്ടാകില്ലല്ലോ ?
അല്ല മോനേ കോവിഡ് കൊറോണ യെക്കുറിച് നാം മനസ്സിലാക്കി വരുന്നതേ ഉള്ളൂ എന്ന് പറഞ്ഞല്ലോ. ഇപ്പോഴത്തെ അറിവനുസരിച്ചു ഈ വൈറസുകൾക്ക് ജീവിക്കാൻ പറ്റിയ ആവാസവ്യവസ്ഥ മനുഷ്യരിലും, വവ്വാൽ പോലുള്ള ചില ജീവികളിലുമാണ്. പക്ഷെ ഈ ലോകവും മനുഷ്യശരീരവും എല്ലാം നല്ലതും ചീത്തയുമായ പതിനായിരക്കണക്കിന് ബാക്ടീരിയകൾ കൊണ്ട് നിറഞ്ഞതാണ്. നമുക്ക് ചുറ്റും നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും ഒരുപാട് ബാക്ടീരിയകളൊക്കെ ഉണ്ട്. അവ ചിലപ്പോൾ രോഗം ഉണ്ടാക്കുന്നവ (പാത്തൊജനിക്) ആകണമെന്നില്ല. രോഗികളിൽ നിന്നും പുറത്തു വീഴുന്ന ഈ വൈറസുകൾക്ക് ചിലപ്പോൾ ഈ ബാക്ടീരിയകളുടെ സഹായത്താൽ നശിക്കാതെ ഇരിക്കാനും വിഘടിച്ചു പെരുകാനും സാധിച്ചേയ്ക്കാം. അങ്ങനെ ബാക്റ്റീരിയകളിൽ ജീവിക്കുന്ന വൈറസുകളെ ബാക്റ്റീരിയോഫേജസ് എന്നാണ് വിളിക്കുന്നത്. ഇതൊരു അനുമാനം മാത്രമാണ് കേട്ടോ മോനേ. ശരിയാകണമെന്നില്ല. കോവിഡ് നു അങ്ങനെയുള്ള കഴിവുണ്ടോ എന്നറിയില്ല. അതുകൊണ്ട് നമ്മൾ സൂക്ഷിക്കുന്നത് തന്നെയാണ് നല്ലതു.
അമ്മേ കൊറോണയ്ക്ക് 27 ഡിഗ്രിയിൽ കൂടുതൽ ചൂടിൽ ആക്ടിവിറ്റി കുറയുമെങ്കിൽ മനുഷ്യ ശരീരത്തിൽ 37 ഡിഗ്രി ചൂടല്ലേ അമ്മേ അപ്പോൾ കൊറോണ നമ്മളിൽ ജീവിക്കാൻ പാടില്ലല്ലോ?
മോനേ കൊറോണയുടെ പുറത്തുള്ള ആക്ടിവിറ്റിയും (പ്രവർത്തനം) മനുഷ്യരിലോ വവ്വാലുപോലുള്ള മൃഗങ്ങളിലോ എത്തിപ്പെടുമ്പോഴുള്ള പ്രവർത്തനവും രണ്ടാണ്. നേരത്തെ പറഞ്ഞ ഫ്യൂറിൻ പോലുള്ള എൻസൈമും മറ്റ് അനുകൂല ഘടകങ്ങളും ചൂട് കൂടുതൽ ആണെങ്കിൽ കൂടി മനുഷ്യ ശരീരത്തിൽ കൂടുതൽ നന്നായി ജീവിക്കാനും അതിവേഗം പെരുകാനും അങ്ങനെ നമ്മുടെ ശരീരത്തെ കീഴടക്കാനും സഹായിക്കും. അതുകൊണ്ട് ചൂട് ഒരു പ്രതികൂല ഘടകമാണെങ്കിലും അതിനേക്കാൾ അനുകൂല ഘടകങ്ങൾ ഉള്ളതുകൊണ്ട് അവ മനുഷ്യരിൽ കൂടുതൽ ശക്തിയായി പെരുകി പ്രശ്നമുണ്ടാക്കും.
അമ്മേ ഉപയോഗിച്ച മാസ്കുകളൊക്കെ കളയാൻ നമ്മുടെ വീട്ടിൽ മാർഗം ഒന്നും ഇല്ലല്ലോ അപ്പോൾ എങ്ങനെ നമ്മൾ വൈറസ് നെ നശിപ്പിക്കും?
മോനെ ഉപയോഗിച്ച മാസ്കുകളും മറ്റും 60 ഡിഗ്രിക്ക് മുകളിൽ ചൂടുള്ള സോപ്പുവെള്ളത്തിൽ ഇട്ടു വയ്ക്കുകയോ വെള്ളത്തിലിട്ടു 30 മിനിറ്റോളം തിളപ്പിക്കുകയോ ഒക്കെ ചെയ്താലും വൈറസ് നശിക്കും. എന്നിട്ട് അതിനെ വേസ്റ്റ് കളയേണ്ട രീതിയിൽ കളഞ്ഞാൽ കുഴപ്പമൊന്നും ഉണ്ടാകില്ല.
അമ്മേ അപ്പുറത്തെ അങ്കിൾ പറയുന്നത് കേട്ടു മദ്യം കുടിച്ചാൽ വൈറസ് നമ്മെ ബാധിക്കില്ല എന്ന് ശരിയാണോ അമ്മേ?
അല്ല മോനേ. അത് ശരിയല്ല.
ആൽക്കഹോൾ ന് ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാനുള്ള ശേഷിയുണ്ട്. പക്ഷെ കുടിക്കുന്ന മദ്യത്തിൽ ഉള്ള ആൽക്കഹോൾ കൊണ്ട് അവയെ കൊല്ലാൻ സാധിക്കില്ല. കൃത്യമായി പറഞ്ഞാൽ 70 ശതമാനം ആൽക്കഹോളും 30 ശതമാനം വെള്ളവും അടങ്ങിയ മിശ്രിതത്തിനു മാത്രമേ അവയെ കൊല്ലാനുള്ള ശേഷിയുള്ളൂ. കുടിക്കുന്ന ആല്കഹോളിൽ ഏറ്റവും കൂടിയത് 40 ശതമാനം വരെയേ ആൽക്കഹോൾ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് മദ്യം കുടിച്ചതുകൊണ്ട് വൈറസ് വരാതിരിക്കില്ല.
അമ്മേ കൊറോണ രോഗം ഉള്ളയാൾ തുമ്മിക്കഴിഞ്ഞാൽ അവിടെകൂടെ നടന്ന് പോകുന്നവർക്ക് രോഗം ഉണ്ടാകില്ലേ?
മോനേ രോഗി തുമ്മിയാൽ അങ്ങനെ വായിൽ നിന്നും സ്പ്രേ പോലെ വരുന്ന കണങ്ങൾക്ക് എയ്‌റോസോൾ എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന പദാർത്ഥങ്ങളുടെ പൊതുസ്വഭാവമാണ് ഉണ്ടായിരിക്കുക. തുമ്മലിൽ നിന്നും വരുന്ന വൈറസ് അടങ്ങിയ കണങ്ങൾ ഭൂമിയുടെ ഗുരുത്വാകർഷണം കൊണ്ട് സാധാരണ ഗതിയിൽ താഴേയ്ക്ക് വീഴുകയാണ് ചെയ്യുന്നത്. ആ വീഴ്ചയിൽ മേശ പോലെ എന്തെങ്കിലുമൊക്കെ അവിടെ ഉണ്ടെങ്കിൽ അതിൽ വീഴാം. അല്ലെങ്കിൽ വേഗം തന്നെ ഭൂമിയിൽ പതിക്കും. പക്ഷെ തുമ്മലിൽ നിന്നും വരുന്ന ഏറ്റവും ചെറിയ വൈറസ് അടങ്ങിയ കണങ്ങൾ ചിലപ്പോൾ ഒരു 1 – 2 മിനിട്ടു വരെ ആ തുമ്മിയ അന്തരീക്ഷത്തിൽ നിൽക്കാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് ഉടൻ തന്നെ പിന്നാലെ ആ സ്ഥലത്തു എത്തുന്ന ആൾക്കു ചിലപ്പോൾ രോഗം പിടിപെടാം.
അതുകൊണ്ടാണ് പറയുന്നത് രോഗലക്ഷണം ഉള്ളവർ മാസ്ക് ധരിക്കണമെന്ന്. അവർ അത്യാവശ്യമായും വീട്ടിൽ ഇരിക്കുകയും വേണം.
അപ്പോൾ രോഗം ഇല്ലാത്തവർ മാസ്ക് ധരിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ലേ അമ്മേ?
ഇല്ല മോനേ ഇല്ലെന്നു മാത്രമല്ല. രോഗമില്ലാത്തവർ ഒരുപാട് മാസ്കുകൾ വാങ്ങുകയും വെറുതേ ധരിച്ചുകൊണ്ട് നടക്കുകയുമൊക്കെ ചെയ്താൽ അത് രോഗം പടരാനേ ഇടയാക്കൂ.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്ന് പറഞ്ഞാണമ്മേ അപ്പുറത്തെ അങ്കിൾ മാസ്ക് വാങ്ങിവച്ച് അവരെല്ലാം ധരിക്കുന്നത്
അത് തെറ്റാണു മോനേ. എന്താണ് കുഴപ്പം എന്ന് അമ്മ ഒന്നൊന്നായി പറഞ്ഞുതരാം
ഏറ്റവും വലിയ കുഴപ്പം മാസ്ക് അത്യാവശ്യം വേണ്ടവർക്ക് കിട്ടാനില്ലാതാകും എന്നുള്ളതാണ്. ഉദാഹരണത്തിന് അപ്പുറത്തെ വീട്ടിലെ അങ്കിൾ നമ്മുടെ അടുത്ത കടയിലെ എല്ലാ മാസ്കും വാങ്ങിയെന്നിരിക്കട്ടെ. അപ്പോൾ കടയുടെ അടുത്ത വീട്ടിലെ അങ്കിളിന് കൊറോണ രോഗം പിടിപെട്ടെന്നിരിക്കട്ടെ. മാസ്ക് ഇല്ലാത്തതുകൊണ്ട് രോഗലക്ഷണം തുടങ്ങിയ സമയത്തൊക്കെ ആ അങ്കിൾ ചുമച്ചും തുമ്മിയും കൊണ്ട് പുറത്തൊക്കെ നടക്കുകയും കടകളിലൊക്കെ പോകുകയും ചെയ്തെന്നിരിക്കട്ടെ. അപ്പോൾ മാസ്ക് മുഴുവനായും മറ്റേ അങ്കിൾ വാങ്ങിവച്ചതുകൊണ്ട് രോഗം കൂടുതൽ പേർക്ക് പടരാൻ ഇടയാവില്ലേ. കൂടാതെ മാസ്ക് വച്ച അങ്കിളിനു പോലും രോഗം ഉള്ള അങ്കിളിൽ നിന്നും കൈയ്യിലൂടെയും മറ്റും രോഗം പടരാനുള്ള ചാൻസ് ഉണ്ട്. അപ്പോൾ ആ അങ്കിൾ മാസ്ക് എല്ലാം വാങ്ങി വച്ചത് കൊണ്ട് പ്രയോജനത്തെക്കാളേറെ ദോഷമല്ലേ ഉണ്ടാക്കുന്നത്.
ലോകത്തിലെ അവസ്ഥ ഇപ്പോൾ അതാണ് മോനേ.
ലോകത്ത് മാസ്ക് ഉൽപ്പാദിപ്പിക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്ന് ചൈന ആണ്. മാസ്ക് ഉൽപ്പാദിപ്പിക്കുന്ന മറ്റു ചില രാജ്യങ്ങളിലും ചൈനയിലും ഇപ്പോൾ കൊറോണ മൂലം ഇതിന്റെ ഉൽപ്പാദനവും കയറ്റുമതിയും കുറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് കൂടുതൽ രോഗികൾ ഉണ്ടാകുന്ന അവസ്ഥ വന്നാൽ വേണ്ട മാസ്ക് അത്യാവശ്യം വേണ്ട രോഗികൾക്ക് കിട്ടാത്ത അവസ്ഥ വന്നേക്കാം. അങ്ങനെയൊരവസ്ഥയിൽ രോഗം ഇല്ലാത്തവർ മാസ്ക് വച്ചതുകൊണ്ട് ഗുണത്തേക്കാളേറെ ദോഷം മാത്രമേ ഉണ്ടാകൂ. മാസ്ക് വച്ചവർക്കു പോലും അപ്പോൾ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടും.
അതുകൊണ്ട് രോഗലക്ഷണം കാണിക്കുന്നവർ വീട്ടിലിരിക്കുക. മാസ്‌ക്കൊക്കെ വയ്ക്കുക. ഡോക്ടറെ കണ്ട് ചികിത്സ തേടുക എന്നിവയൊക്കെയാണ് ചെയ്യേണ്ടത്.
പുറത്തു പോകേണ്ടവർ ഇടയ്ക്കിടെ കൈ കഴുകുക, അല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ കൊണ്ട് ഇടയ്ക്കിടെ കൈ വൃത്തിയാക്കുക, ഏറ്റവും പ്രധാനമായി കൈ മുഖത്തും മൂക്കിലും, വായിലും, കണ്ണിലും ചെവിയിലുമൊന്നും തൊടാതെ സൂക്ഷിക്കുക എന്നതാണ്.
രോഗലക്ഷണമുള്ളവർ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടാൽ മതിയോ അമ്മേ?
ഡോക്ടറെ കാണണം മോനേ. അതിനേറ്റവും നല്ല വഴി രോഗം ഉണ്ടെന്ന് സംശയം ഉണ്ടെങ്കിൽ ദിശയുടെ നമ്പറിൽ (1056) വിളിച് സംശയം പറയുന്നതാണ്. അപ്പോൾ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് രോഗി നൽകുന്ന ഉത്തരങ്ങളിൽ നിന്നും അയാൾക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ടോ എന്ന് അവർക്ക് മനസ്സിലാകും. അങ്ങനെയുണ്ടെങ്കിൽ അവർ വണ്ടിയുമായി വന്ന് രോഗിയെ കൊണ്ട് പോകുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ രോഗമുള്ളയാൾ ആശുപത്രിയിലേയ്ക്ക് പോകുമ്പോൾ വഴിയിലുള്ള ചിലർക്കെങ്കിലും രോഗം പകരാൻ ഉള്ള സാധ്യത ഉണ്ട്.
കൂടാതെ ആശുപത്രിയിൽ മറ്റസുഖങ്ങൾ വന്ന് കഴിയുന്ന രോഗികൾക്ക് കൊറോണ ഉള്ള രോഗിയിൽ നിന്നോ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ വഴിയോ കൊറോണ പിടിപെട്ടാൽ അവരുടെ നില ഗുരുതരമാകാൻ സാധ്യത ഉണ്ട്. അതുകൊണ്ട് രോഗമുണ്ടെന്ന് തോന്നിയാൽ വീട്ടിൽ ഇരുന്നിട്ട് ദിശയുടെ നമ്പറിൽ വിളിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം.
കൊറോണ വൈറസ് ഉണ്ടെന്നു സംശയമുള്ളവർക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ വൈറസ് ബാധ ഉണ്ടോ എന്ന് ഉറപ്പാക്കാൻ വല്ല മാർഗവും ഉണ്ടോ അമ്മേ?
അങ്ങനെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്ന മാർഗങ്ങൾ ഒന്നും തന്നെ ഇല്ല മോനേ. പക്ഷേ ഇന്ന് കോറോണയെക്കൂടാതെ ജലദോഷപ്പനി, ഫ്ലൂ എന്നിവ പോലുള്ള മറ്റു പനികളും നാട്ടിൽ ഉണ്ട്. അതുകൊണ്ട് എല്ലാ പനികളും കൊറോണ ആകണമെന്നില്ല.
പിന്നെ കൊറോണ ഏറ്റവും ആദ്യമായും ഏറ്റവും കൂടുതലായും ആക്രമിക്കുന്നത് നമ്മുടെ ശ്വാസകോശത്തെ ആണ് എന്ന് പറഞ്ഞല്ലോ. അതുകൊണ്ടാണ് 10 സെക്കൻഡ് ശ്വാസം പിടിച്ചു നോക്കി കുഴപ്പമില്ലെങ്കിൽ കൊറോണ അല്ല എന്ന് ആശ്വസിക്കാം എന്നൊക്കെ പറയുന്നത്.
കൊറോണയാണോ എന്ന് സംശയമുണ്ടെങ്കിൽ വീട്ടിലിരിക്കുകയും ദിശയുടെ നമ്പറിൽ വിളിച്ചു ചോദിക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ല മാർഗം.
കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ കുട്ടിക്ക് കൊറോണ വൈറസ് കണ്ടെങ്കിലും അവരുടെ മാതാപിതാക്കൾക്ക് ആദ്യം വൈറസ് ഇല്ലായിരുന്നല്ലോ അമ്മേ. പിന്നെ ഇപ്പോൾ എങ്ങനെ ഉണ്ടായി?
മോനേ കൊറോണ വൈറസ് നെ ശാസ്ത്രീയമായി കണ്ടുപിടിക്കാൻ നമ്മുടെ തൊണ്ടയിൽ നിന്നോ മൂക്കിൽ നിന്നോ ഒക്കെയുള്ള സ്രവങ്ങൾ എടുത്തുള്ള real-time reverse-transcriptase–polymerase-chain-reaction assay എന്ന rRT-PCR ടെസ്റ്റ് അല്ലെങ്കിൽ സിംപിൾ RT-PCR ടെസ്റ്റ് എന്നിവ ആണ് ഉപയോഗിക്കുന്നത്. രോഗത്തിന്റെ തുടക്കത്തിൽ, അതായതു രോഗാണു ബാധിച്ചു 4-5 ദിവസത്തിനുള്ളിൽ നടത്തുന്ന ടെസ്റ്റിൽ ചിലപ്പോൾ രോഗാണു കണ്ടു പിടിക്കപ്പെടണമെന്നില്ല. അതുകൊണ്ട് രോഗം വന്നവരുമായി അടുത്തിടപഴകിയിട്ടുള്ളവർ ഐസൊലേഷനിൽ കഴിയുന്നത് തന്നെയാണ് രോഗം മറ്റുള്ളവരിലേയ്ക്കും പകർത്താതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ടത്.
അമ്മേ അപ്പുറത്തെ ചേട്ടൻ പറയുന്നത് കേട്ടു യുവാക്കൾക്കും കുട്ടികൾക്കുമൊന്നും ഈ രോഗം കൊണ്ട് കുഴപ്പമില്ലെന്ന്. ശരിയാണോ അമ്മേ?
അങ്ങനെ പറയുന്നത് ശരിയും അതിനോടൊപ്പം തെറ്റും ആണ് മോനേ. എന്ത്കൊണ്ടാണെന്നു ചോദിച്ചാൽ ആരോഗ്യമുള്ള യുവാക്കൾക്കും കുട്ടികൾക്കും രോഗപ്രതിരോധ ശേഷി കൂടുതലായിരിക്കും. കൊറോണയ്ക്ക് മരുന്നില്ല എന്ന് അമ്മ നേരത്തേ പറഞ്ഞല്ലോ. അതുകൊണ്ട് കൊറോണ വന്നവരിൽ അസുഖം ഭേദമാകുന്നത് അങ്ങനെ ആരോഗ്യമുള്ളവരിൽ രോഗത്തെ ചെറുക്കാനുള്ള ആന്റിബോഡി ശരീരം തന്നെ ഉൽപ്പാദിപ്പിക്കുന്നതുകൊണ്ടാണ്.
തെറ്റെന്താണെന്നു വച്ചാൽ എല്ലാവരും ആരോഗ്യവാന്മാരായിരിക്കണമെന്നില്ല. ചിലർക്കൊക്കെ മറ്റെന്തെങ്കിലും അസുഖം ഉള്ളവരായിരിക്കും. അങ്ങനെയുള്ളവരുടെ ശരീരത്തിൽ ഈ രോഗാണുവിനെ ചെറുക്കാൻ വേണ്ട ആന്റിബോഡി ഉൽപ്പാദിപ്പിച് രോഗത്തെ ചെറുക്കാൻ പറ്റണമെന്നില്ല.
കൂടാതെ പ്രായമായവരിലും ഇങ്ങനെ ആന്റിബോഡി ഉൽപ്പാദിപ്പിച് രോഗത്തെ ചെറുക്കാനുള്ള കഴിവുകൾ കുറവായിരിക്കും. അങ്ങനെയുള്ളവർക്ക് കൊറോണ വന്നാൽ ചിലപ്പോൾ മരണം വരെയും സംഭവിച്ചേയ്ക്കാം.
അതുകൊണ്ട് ആരോഗ്യമുള്ള കുട്ടികൾക്കും യുവാക്കൾക്കും രോഗം കുഴപ്പമുണ്ടാക്കില്ലെന്നത് ഒരു നല്ല കാര്യമാണെങ്കിലും അവരിലൂടെ വീട്ടിലും അവരുടെ അടുപ്പത്തിലുമുള്ള പ്രായമായവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും കൊറോണ പിടിപെട്ടാൽ മരണം വരെ സംഭവിക്കാം എന്നുള്ളതുകൊണ്ട് വേണ്ടപ്പെട്ടവരെയൊക്കെ സ്നേഹിക്കുന്നവരായ നമ്മൾ ഈ രോഗം പടരാനും പടർത്താനും ഇരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയും നമ്മുടെ ഗവണ്മെന്റും ഡോക്ടർമാരും ഒക്കെ ആവശ്യപ്പെടുന്നത്.
അമ്മേ ഒരു സംശയം. മാസ്ക് എങ്ങനെയാണമ്മേ വൈറസ് നെ ചെറുക്കുന്നത്?
മോനേ സർജിക്കൽ മാസ്ക് എന്നറിയപ്പെടുന്ന സാധാരണ മാസ്കിനു മൂന്ന് അടുക്കുകൾ (layers) ഉണ്ട്. ഏറ്റവും പുറത്തുള്ളത് വെള്ളം, ബ്ലഡ്, ശരീര സ്രവങ്ങൾ എന്നിവയെ ചെറുക്കുന്ന (ഹൈഡ്രോഫോബിക് ആയ) ഒരു ലയർ ആണ്. അതിനുള്ളിൽ നടുക്കായി ബാക്റ്റീരിയ വൈറസ് എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ഒരു ലയർ. പിന്നെ ഉള്ളിലായി തുപ്പൽ, സ്രവങ്ങൾ എന്നിവയെ ഒപ്പിയെടുക്കാൻ ശേഷിയുള്ള (ഹൈഡ്രോഫിലിക് ആയ) ഒരു ലയർ എന്നിവയാണ് ഉള്ളത്. ഇതിൽ പുറത്തെ ഹൈഡ്രോഫോബിക് ലയർ പുറത്തു വരുന്ന രീതിയിൽ ധരിച്ചാൽ മാത്രമേ പ്രയോജനം ഉള്ളൂ. എന്തുകൊണ്ടെന്നാൽ രോഗിയിൽ നിന്നും വരാൻ സാധ്യത ഉള്ള സ്രവങ്ങൾ മാസ്കിൽ പറ്റിയിരിക്കാൻ അനുവദിക്കാതെ തടയുന്നതാണ് ഈ ലയറിന്റെ ദൗത്യം. ഈ മാസ്ക് തിരിച്ചു ധരിക്കുകയാണെങ്കിൽ ഗുണം ഇല്ല എന്ന് മാത്രമല്ല അത് അസുഖം വിളിച്ചു വരുത്താനേ ഉപകരിക്കൂ. എന്തുകൊണ്ടെന്നാൽ ഹൈഡ്രോഫിലിക് ലയർ പുറത്താണെങ്കിൽ പരിസരത്തു കൂടി പോകുന്ന സ്രവങ്ങളെ കൂടെ അത് മാസ്കിലേയ്ക്ക് ഒപ്പിഎടുക്കും. അവിടെ അങ്ങനെ ഇരിക്കാൻ ഇടയാക്കുന്ന വൈറസിന് അതുകൊണ്ട് തന്നെ അത് ധരിക്കുന്ന ആൾ അറിയാതെ കൈ കൊണ്ട് തൊടുകയോ ആ കൈയ്യുപയോഗിച്ചു മുഖത്തോ കണ്ണിലോ ചെവിയിലോ ഒക്കെ വീണ്ടും തൊടുകയോ ഒക്കെ ചെയ്യുമ്പോൾ, അല്ലെങ്കിൽ മാസ്കിൽ നിന്ന് തന്നെ വൈറസ് ഉള്ളിലേയ്ക്ക് എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ഉള്ളിലുള്ള ഹൈഡ്രോഫിലിക് ലയർ രോഗിയുടെ ചുമയിൽ നിന്നും തുമ്മലിൽ നിന്നും ഒക്കെ വരുന്ന സ്രവങ്ങളെ ഒപ്പിയെടുത്തു പുറത്തേയ്ക്കു പോകാതെ തടഞ്ഞു നിർത്തുക എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയിട്ടുള്ളതാണ്.
അതുകൊണ്ടു തന്നെ ഇത്തരം മാസ്കുകൾ ഉപയോഗിക്കുന്നവർ 5 -6 മണിക്കൂറിൽ കൂടുതൽ ഒരേ മാസ്ക് തന്നെ ഉപയോഗിക്കാനും ഉപയോഗിച്ച മാസ്ക് വീണ്ടും ഉപയോഗിക്കാനും പാടില്ല. ഉപയോഗിച്ച മാസ്കുകൾ അണുബാധയുള്ള ഇത്തരം വസ്തുക്കൾ ഇടുവാനായുള്ള പ്രത്യേക ഇടത്തു തന്നെ നിക്ഷേപിക്കേണ്ടത് അത്യാവശ്യവും ആണ്.
അപ്പോൾ അമ്മേ ടീവി യിലൊക്കെ ആളുകൾ തുവാലയും ഷാളും തോർത്തും സാരിയുമൊക്കെ കൊണ്ട് മുഖം പൊത്തി നിൽക്കുന്നത് കാണുന്നുണ്ടല്ലോ. അത് ശരിയാണോ അമ്മേ?
അത് ഒട്ടും ശരിയായ രീതി അല്ല മോനേ. നേരത്തെ പറഞ്ഞ പോലെ ഹൈഡ്രോഫിലിക് ആയ ലയർ ചെയ്യുന്ന കാര്യം ചെയ്ത്, അതായതു വഴിയിൽ പോകുന്ന സ്രവത്തെ വരെ പിടിച്ചെടുത്ത് മുഖത്തിനടുത്തു തന്നെ നിർത്തി അണുബാധ ഉണ്ടാക്കാനുള്ള ചാൻസ് കൂടുതൽ ഉണ്ടാക്കാനേ അതൊക്കെ ഉപകരിക്കൂ.
ഇങ്ങനെയെല്ലാം ചെയ്യുന്നതിലും നല്ലത് മുഖം മൂടാതെ ഇരിക്കുന്നതാണ് മോനേ.
അമ്മേ അപ്പോൾ ചുമയും തുമ്മലുമൊക്കെ ഉള്ളവർ തുവാലയിൽ തുമ്മുന്നതോ?
അതും ശരിക്കും പറഞ്ഞാൽ ശരിയായ രീതി അല്ല മോനേ. പ്രത്യേകിച്ചും കൊറോണയെ ചെറുക്കാൻ. എന്തുകൊണ്ടെന്നാൽ കൊറോണ വേഗം പടരുന്ന ഒരു വൈറസ് ആണെന്ന് ഇപ്പോഴേ തെളിയിക്കപ്പെട്ടിരിക്കുന്ന കാര്യമാണ്. അതുകൊണ്ട് എന്തെങ്കിലും കാരണത്താൽ രോഗത്തിന്റെ ആദ്യ സ്റ്റേജിൽ ഉള്ളവർ തൂവാലയിലൊക്കെ തുമ്മിയിട്ട് ആ തൂവാലയും കൈയും കൊണ്ട് പിടിക്കുന്ന സ്ഥലം മുഴുവൻ കൊറോണ വൈറസ് പടരാൻ സാധ്യത ഉണ്ട്. അതുകൊണ്ടു ലോകാരോഗ്യ സംഘടന പറയുന്നത് തുമ്മലോ ചുമയോ വരുമ്പോൾ ക മടക്കി വച്ച് നമ്മുടെ കൈ മുട്ടിനു മുകളിലുള്ള വസ്ത്രത്തിലേയ്ക്ക് തന്നെ തുമ്മുന്നതാണ് ഏറ്റവും നല്ല മാർഗം എന്നാണ്.