From the blog

ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ജെയ്സൺ യാനൊവിറ്റ്സ് എന്ന ഒരു പൗരൻ ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡിന്റെ സ്വതന്ത്ര പരിഭാഷ

Spread the love

“എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന്
നിങ്ങൾക്ക് ഊഹിക്കാൻ കൂടിക്കഴിയില്ല”

നിങ്ങൾക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കിൽ നിങ്ങളിത് തീർച്ചയായും വായിക്കണം.

ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയിൽ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരൻ( ജെയ്സൺ യാനൊവിറ്റ്സ്) ട്വിറ്ററിൽ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ സ്വതന്ത്ര പരിഭാഷമാത്രമേ എന്റേതായുള്ളു.

📌 ആമുഖം.

എല്ലാവർക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്.

ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷെ അതിലും പരിതാപകരമാണ് തങ്ങൾക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്.

ഞങ്ങൾക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുൻപെ വരെ ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു.

🟢 സ്റ്റേജ് 1

കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു

ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകർച്ചപ്പനി മാത്രമാണ്

മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല.

ഞാൻ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്കും സാനിറ്റൈസറും ഒക്കെ വാങ്ങിവച്ച് കാശ് കളയുന്നത്?

വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാൻ സാധാരണത്തെ പോലെ തന്നെ ജീവിക്കാൻ പോകുകയാണ്

🟢 സ്റ്റേജ് 2

കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു

രാജ്യത്ത് ചില റെഡ് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്ത ചില നഗരങ്ങൾ ക്വാറന്റൈൻ ചെയ്തിരിക്കുന്നു. കുറേ ആളുകൾ ഇൻഫെക്റ്റഡ് ആണ് (ഫെബ്രുവരി 22)

ഇത് കഷ്ടമാണ്. പക്ഷെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല.

കുറച്ച് മരണങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ വയസ്സായവരാണ്. മീഡിയയും സർക്കാറും ചുമ്മാ വ്യൂവർഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാർ

മനുഷ്യർ അവരുടെ ജീവിതം സാധാരണ പോലെ തന്നെ കൊണ്ട് പോവും. ഇതു കാരണം ഞാൻ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ നടന്ന പോലെ.

ഇതൊന്നും എന്നെ ബാധിക്കില്ല. ഞാൻ സുരക്ഷിതനാണ്

🟠 സ്റ്റേജ് 3

കേസുകൾ ഭീകരമായി വർദ്ധിച്ചിരിക്കുന്നു.

ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളം കൂടി.

ഒരുപാട് ആളുകൾ മരിച്ചുകൊണ്ടിരിക്കുന്നു.

കൂടുതൽ ഭാഗങ്ങൾ റെഡ് സോൺ ആക്കി. 4 റീജിയണുകൾ കൂടി ക്വാറന്റൈൻ ചെയ്തു (മാർച്ച് 7).

ഇറ്റലിയുടെ 25% ഇപ്പോൾ ക്വാറന്റൈനിലാണ്.

സ്കൂളുകളും കോളേജുകളും അടച്ചു. പക്ഷെ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്.

ഒഫിഷ്യൽ ഓർഡർ, ഇറങ്ങുന്നതിന് മുന്നെ തന്നെ ചില മാധ്യമങ്ങൾ ചോർത്തി പ്രസിദ്ധീകരിക്കുന്നു. തുടർന്ന് 10000 ത്തോളം ആളുകൾ റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്)

ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെ തന്നെ തുടരുന്നു.
അവർക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല.

എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകൾ ഒഴിവാക്കുവാനുമുള്ള നിർദ്ദേശങ്ങളാണ്. എല്ലാ 5 മിനിറ്റിലും ടിവിയിൽ ഈ നിർദ്ദേശങ്ങൾ കാണിക്കുന്നുണ്ട്.

പക്ഷെ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.

🔴 സ്റ്റേജ് 4

കേസുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.

സ്കൂളുകളും യൂണിവേഴ്സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്.

ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.

ഹോസ്പിറ്റലുകൾ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകൾ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികൾക്കായി ക്രമീകരിച്ചിരിക്കുന്നു.

ആവശ്യത്തിന് ഡോക്റ്റർമാരും മെഡിക്കൽ സ്റ്റാഫും ഇല്ല.

റിട്ടയർ ചെയ്തവരേയും യൂണിവേഴ്സിറ്റികളിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികളേയും വിളിച്ചിരിക്കുന്നു.

8 മണിക്കൂർ ഷിഫ്റ്റ് എന്നൊരു സംഗതി ഇല്ലാതായിരിക്കുന്നു. നിവർന്ന് നില്കാൻ കഴിയുന്നവരൊക്ക്ർ പറ്റാവുന്ന അത്രയും നേരം ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്ന അവസ്ഥയാണ്.

തീർച്ചയായും ഡോക്റ്റർമാരും നഴ്സുമാരും ഇൻഫെക്റ്റഡാവുന്നുണ്ട്. അവരിൽ നിന്നും അവരുടെ കുടുംബാങ്ങൾക്കും കിട്ടുന്നുണ്ട്.

ന്യൂമോണിയ കേസുകൾ വളരെ കൂടിയിരിക്കുന്നു. ഐസിയു വേണ്ടവരുടെ എണ്ണം പരിധിവിട്ട് പോയിരിക്കുന്നു. എല്ലാവർക്കുമുള്ള സ്ഥലം ഇല്ല.

ഈ ഘട്ടത്തിൽ ഇതൊരു യുദ്ധമാണ്: രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകൾക്ക് മുൻ ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്റ്റർമാർ എത്തിയിരിക്കുന്നു.

എന്നുവച്ചാൽ വയസ്സായവരേയും നിലവിൽ ഗുരുതര പ്രശ്നമുള്ളവരേയും തഴയേണ്ട അവസ്ഥ.

എല്ലാവരേയും രക്ഷിക്കാനുള്ള സൗകര്യങ്ങൾ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുൻ ഗണന.

ഇതൊരു തമാശയാണെന്ന് ആശ്വസിക്കണം എന്നുണ്ട്. പക്ഷെ അക്ഷരാർത്ഥത്തിൽ ഇതാണ് സംഭവിക്കുന്നത്.

ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകൾ മരിക്കുന്നു.

എന്റെ ഒരു ഡോക്റ്റർ സുഹൃത്ത് വിളിച്ചിരുന്നു. അവൻ ആകെ തളർന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാൻ വിടേണ്ടി വന്നുവത്രെ.

നഴ്സുമാർ കരയുന്നു. അവർക്ക് ആളുകൾ മരിക്കുന്നത് കയ്യും കെട്ടി നോക്കി നിൽക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവർക്ക് നൽകാൻ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്സിജൻ മാത്രമാണ്.

ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികിൽസ കിട്ടാതെ മരണപ്പെട്ടുവത്രെ.

കാര്യങ്ങൾ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകർന്നിരിക്കുന്നു.

എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

⚫ സ്റ്റേജ് 5

റെഡ് സോണിൽ നിന്ന് സൂത്രത്തിൽ കടന്ന് കളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ?

ഇവർ കാരണം രാജ്യം മൊത്തം മാർച്ച് 9 ഓടെ ക്വാറന്റൈൻ ചെയ്യേണ്ടി വന്നിരിക്കുന്നു.

വൈറസിന്റെ വ്യാപനം മാക്സിമം തടയുക എന്നതാണ് ലക്ഷ്യം‌.‌‌‌‌‍

ആളുകൾക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകൾ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കിൽ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകർച്ചയില്ലാണ്). പക്ഷെ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ട് പോകാൻ കഴിയില്ല.

ആളുകൾക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകൾ മാസ്കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും തങ്ങൾ വൈറസ്സിന് തൊടാൻ കഴിയാത്ത മരണമാസുകൾ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടക്കുന്നു.

⚫ സ്റ്റേജ് 6

2 ദിവസത്തിന് ശേഷം- എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകൾ, ഹോട്ടലുകൾ, ഷോപ്പിങ്ങ് സെന്ററുകൾ, തിയ്യേറ്ററുകൾ. .

സൂപ്പർമാർക്കറ്റുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ എല്ലാം.

സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാൻ കഴിയൂ.

പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫിഷ്യൽ രേഖയാണ് ഈ സർട്ടിഫികറ്റ്

ഒരുപാടിടത്ത് പോലീസ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചിരിക്കുന്നു

അനാവശ്യമായി പുറത്ത് കാണുന്നവർക്ക് 206 യൂറോ വരെ ഫൈൻ ചുമത്തും. കൂടാതെ ഈ ആൾ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കിൽ കൊലപാതക ശ്രമത്തിന് 1 മുതൽ 12 വർഷം വരെ തടവ് ലഭിക്കും.

🟤 നിർത്തുന്നതിന് മുൻപ്:

ഇന്നുവരെ (മാർച് 12 ) ഉള്ള അവസ്ഥയാണിത്.

ഓർക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്.

സ്റ്റേജ് 3 മുതൽ ഇന്ന് വരെ വെറും 5 ദിവസം മാത്രം.

ഇറ്റലിക്ക് പുറത്ത് ചൈന പോലുള്ള രാജ്യങ്ങൾ മറ്റൊരു സ്റ്റേജിലാണ്. അതുകൊണ്ട് ഞാൻ ഇത്രയും നിങ്ങളോട് പറയുന്നു:

എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ കൂടി കഴിയില്ല.

എന്തെന്നാൽ 2 ആഴ്ച മുൻപ് വരെ ഞാനും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവും എന്നതിനെക്കുറിച്ച് യാതൊരു ഊഹവും ഇല്ലാതിരിക്കുകയായൊരുന്നു.

അതെ, ഇതൊരു ദുരന്തമാണ്.

അത് വൈറസ് അപകടകാരിയായതുകൊണ്ട് മാത്രമല്ല. അത് മൂലം ഉണ്ടാവുന്ന സംഭവ പരമ്പരകൾകൊണ്ട് കൂടിയാണ്.

മറ്റുരാജ്യങ്ങൾ ഇപ്പോഴും ഒരുഹവും ഇല്ലാതെ കയ്യും കെട്ടി ഇരിക്കുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ഇപ്പോൾ വേണമെങ്കിൽ അവർക്ക് അവരുടെ ജനങ്ങളെ രക്ഷിക്കാനുള്ളത് ചെയ്യാവുന്നതേ ഉള്ളു.

ഇത് വായിക്കുന്നെങ്കിൽ നിങ്ങൾ ചെയ്യേണ്ടതൊക്കെ ചെയ്ത് സുരക്ഷിതരായിരിക്കുക.

ഇത് താനെ അവസാനിക്കും എന്ന് കരുതരുത്.

അമേരിക്കയിലൊക്കെ പുറത്ത വരാത്ത എത്ര കേസുകൾ ഉണ്ടാവും എന്ന് ഞാൻ അൽഭുതപ്പെടുന്നു. ആ രാജ്യത്തിന്റെ രീതിവച്ച് അത് സ്വാഭാവികമാണ്.

കടുത്ത നടപടികൾ ഇറ്റലിയിൽ വേണ്ടി വന്നിട്ടുണ്ട്. കാരണം വേറെ വഴിയില്ല എന്നതാണ്. അത് പലതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നറിയാം. പക്ഷെ വേറെ വഴിയില്ല. ചൈനയിൽ അവ ഫലം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെയും ഫലം കാണും എന്ന് കരുതുന്നു.

ഇത് ലോക ചരിത്രത്തിലെ വഴിത്തിരിവായിരിക്കും. ഇതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലായിരിക്കില്ല.

ഓർക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകൾക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം വൈറസ് പടരുന്നു എന്നാണ്. നിങ്ങൾ ഒരു പക്ഷെ ഞങ്ങളേക്കാൾ 2 ആഴ്ച പുറകിലായിരിക്കും.

അതുകൊണ്ട് സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക.

പറ്റുമെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക!!

Saan

Related Articles

KSRTC ഡിപ്പോകളിലെയും, ഓപ്പറേറ്റിംഗ് സെൻററുകളിലെയും നമ്പറുകൾ 

Spread the love

Spread the loveയാത്രയ്ക്കു മുമ്പ്, ബസുകൾ സർവീസ് നടത്തുന്നുണ്ടോ എന്ന് KSRTC ഡിപ്പോകളിൽ വിളിച്ചന്വേഷിക്കുക. കഴിയുന്നത്ര ഗ്രൂപ്പുകളിലേക്ക് പാസ് ചെയ്യക 1 അടൂർ – 04734-2247642 ആലപ്പുഴ – 0477-22525013 ആലുവ – 0484-26242424 ആനയറ – 0471-27434005 അങ്കമാലി – 0484-24530506 ആര്യനാട് – 0472-28539007 ആര്യങ്കാവ് […]

12 വയസ്സുകാരിയുടെ കോവിഡ്19 ബാധിച്ചുള്ള മരണവും കോവിഡിന്റെ അറിയാരഹസ്യങ്ങളും 

Spread the love

Spread the loveബെൽജിയത്തിൽ 12 വയസ്സുകാരി കോവിഡ്19 ബാധിച്ചു മരണപ്പെട്ടു എന്ന വാർത്ത ദുഃഖത്തോടെയും ആശ്ചര്യത്തോടെയുമാണ് ലോകവും വൈദ്യശാസ്ത്ര സമൂഹവും കാണുന്നത്. ബെൽജിയത്തിന്റെ ക്രൈസിസ് സെന്റർ കോറോണവൈറസ് വക്താവ് ഇമ്മാനുവൽ ആന്ദ്രേ വളരെ മാനസിക വ്യഥയോടെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്. കുട്ടികളിൽ കോവിഡ് അധികം പ്രശ്നം ഉണ്ടാക്കില്ല എന്നായിരുന്നു വൈദ്യശാസ്ത്ര സമൂഹത്തിൽ പരക്കെയുണ്ടായിരുന്ന ഒരു വിശ്വാസം. […]

കൊറോണയ്ക്ക് മരുന്നുണ്ടോ? ഒരു ആയുർവേദ ഡോക്ടറുടെ കുറിപ്പ് 

Spread the love

Spread the loveകൊറോണയ്ക്ക് മരുന്നില്ലെന്ന് അലോപ്പതിക്കാർ! ഇതു കേട്ടാൽ തോന്നും ബാക്കിയെല്ലാ രോഗത്തിനും അവർക്ക് മരുന്നുണ്ടെന്ന്! ഇതു വായിച്ച് എനിക്കെതിരെ ചീത്ത വിളിക്കാൻ തുടങ്ങും മുമ്പ് ഇനി പറയുന്ന കാര്യങ്ങൾ ഒന്നു മനസിരുത്തി വായിച്ചിട്ട് ചീത്ത വിളിച്ചോളു. രാവിലെ ഞാനൊരു സൈക്ലിങ്ങിനിറങ്ങിയതാണ്. എൻ്റെ സഹപാഠി തോമസ് മുറ്റത്തുലാന്നുന്നതിനിടെ എന്നെക്കണ്ട് […]

Leave a Reply

Your email address will not be published. Required fields are marked *