From the blog

വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്നും ലഭിച്ച ഒരനുഗ്രഹം

Spread the love

വിശാലമായ വീക്ഷണവും ജീവിതകാഴ്ചപ്പാടുകളും തരുന്ന നല്ലൊരു കുറിപ്പ്..
————————————–
കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും?

അസാധാരണ ബുദ്ധിമാനും സമർത്ഥനുമാണ് എൻ്റെ ഭർത്താവ്. എന്നെ വലിയ സ്നേഹമാണ്. പക്ഷേ പുള്ളിക്കാരന്റെ അമ്മ പറഞ്ഞിരിക്കുന്ന ഏതു കാര്യവും, കണ്ണും പൂട്ടി വിശ്വസിക്കും. സയൻസിൽ പി.എച്ച്.ഡി ഉള്ള ആളാണ്. എന്നാലും അമ്മ പറഞ്ഞത് ശാസ്ത്രീയമായി ശരിയാണോ തെറ്റാണോ എന്ന് ആലോചിച്ചു നോക്കുക പോലുമില്ല. ഒരു ചെറിയ ഉദാഹരണം പറയാം. പ്രഷർകുക്കറിൽ മുട്ട പുഴുങ്ങിയാൽ പൊട്ടിച്ചിതറും എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അതിനാൽ ഞാൻ അതു പരീക്ഷിക്കുക പോലും ചെയ്യരുതത്രെ. കല്യാണം കഴിഞ്ഞ് പത്തു വർഷമായി, ഞാൻ ഇന്നുവരെ അത് പരീക്ഷിച്ചിട്ടേ ഇല്ല. കുക്കറിൽ മുട്ട പുഴുങ്ങിയാൽ എന്തു സംഭവിക്കും എന്ന് എനിക്കിപ്പോഴും അറിയില്ല.

നല്ല വരുമാനവും സ്വത്തും ഉണ്ടെങ്കിലും, ഭയങ്കര പിശുക്കൻ ആണ് ആള്. ഒരുപാട് ദാരിദ്ര്യം അനുഭവിച്ച് കഷ്ടപ്പെട്ടു പഠിച്ച് ആണ് ഇപ്പോൾ ഉയർന്ന നിലയിൽ എത്തിയിരിക്കുന്നത്. നല്ല സാമ്പത്തിക സൌകര്യം ഉള്ള വീട്ടിൽ ജനിച്ചു വളർന്നതാണ് ഞാൻ. എന്നും ഇറച്ചിയും മീനും വിശേഷ വിഭവങ്ങളും പതിവായിരുന്നു. കൂടാതെ ഇടക്കിടക്ക് പുറത്ത് നല്ല റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കുന്ന പതിവും. എനിക്ക് ഇങ്ങനെ പിശുക്കിപ്പിടിക്കാൻ അറിയില്ലായിരുന്നു. കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വന്ന ശേഷം, സ്ഥിരം ചോറും സാമ്പാറും, ഇഡ്ഢലി ദോശ ബ്രേക്ക്ഫാസ്റ്റും മാത്രം. പക്ഷേ, വീട്ടിൽ വിരുന്നുകാർ വന്നാൽ പുള്ളിക്കാരൻ പോയി നല്ല വിഭവങ്ങൾ ഒരുക്കാൻ വേണ്ടതെല്ലാം വാങ്ങി തരും. അടുക്കളയിൽ എന്നെ നല്ലപോലെ സഹായിക്കുകയും ചെയ്യും., വിളമ്പുന്നതിലും ധാരാളിത്തം കാണിക്കും. പക്ഷേ, വിരുന്നുകാർ പോയിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ പിശുക്കു പുറത്തെടുക്കും. മിച്ചം വന്ന ഭക്ഷണം, ഓരോ വിഭവം മാത്രമായി ഓരോ നേരമെടുത്ത്, പരമാവധി ദിവസം അതുകൊണ്ട് മാനേജ് ചെയ്യിക്കും.

വിരുന്നുകാരില്ലാതെ ഒരിക്കൽ പോലും ഈ വീട്ടിൽ ഇറച്ചിയോ മീനോ വാങ്ങിയിട്ടില്ല. മക്കൾക്ക് നല്ല ഭക്ഷണം വാങ്ങി കൊടുക്കേണ്ടേ എന്നു ചോദിച്ചാൽ, അവര് കുറെശ്ശേ ദാരിദ്ര്യവും ബുദ്ധിമുട്ടും അറിഞ്ഞ് വളരണം എന്നാണ് ഭർത്താവ് പറയുന്നത്. മൂത്ത കുട്ടി സ്കൂളിൽ പോകുന്നുണ്ട്, ഉച്ചഭക്ഷണം കൊടുത്തു വിടുന്നത് എന്നും ചോറും സാമ്പാറും, തോരനും, ഒരു കഷ്ണം മുട്ട പൊരിച്ചതും മാത്രമാണ്. മറ്റുകുട്ടികൾ സാൻവിച്ചും, ബർഗറും ഒക്കെ കൊണ്ടു വരുമത്രെ.

പുള്ളിക്കാരന്റെ ഈ പിശുക്കിനെക്കുറിച്ച് ഞാൻ മുമ്പ് സാറിനെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. അന്ന് സാറ് പറഞ്ഞത്, ഭർത്താവിന്റെ പിശുക്കിനെ ചെറുത്തു തോൽപ്പിക്കാൻ ശ്രമിക്കരുത്, കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നു പറഞ്ഞ പോലെ പുള്ളിക്കാരനെ കൂടുതൽ പിശുക്കാൻ സഹായിക്കും വിധം ഞാൻ പെരുമാറണം. പുള്ളിക്കാരൻ്റെ പിശുക്കിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കിയാൽ എൻ്റെ അസ്വസ്ഥത മാറും എന്നൊക്കെ ആയിരുന്നു. അതു കേട്ടിട്ട് എനിക്ക് നല്ല ദേഷ്യമാണ് വന്നത്, ഈ ആണുങ്ങളെല്ലാം ഇങ്ങിനെയാ, എന്തു വന്നാലും, പെണ്ണു തന്നെ അഡ്ജസ്റ്റ് ചെയ്യണം എന്നല്ലേ നിങ്ങളു പറയുക, എന്നൊക്കെ പറഞ്ഞു ഞാൻ തർക്കിച്ചായിരുന്നു. അപ്പോൾ സാറു പറഞ്ഞത് ഇപ്പോഴാ എനിക്ക് ബോദ്ധ്യമാകുന്നത്.

ഇത്തവണ പ്രളയം വന്നപ്പോൾ ഞങ്ങളുടെ വീട്ടിലും വെള്ളം കയറി. പിശുക്കൻ പിശുക്കി കൂട്ടി വെച്ചതെല്ലാം വെള്ളം കേറി നശിച്ചു പോയാൽ ഇനിയും എന്തുമാതിരി പിശുക്കായിരിക്കും കാണിക്കാൻ പോകുന്നത് എന്നോർത്ത് ആയിരുന്നു എൻ്റെ ആധി കൂടുതലും. പുള്ളിക്കാരൻ പക്ഷേ, വളരെ കൂളായിട്ട് അടുത്തുള്ള ഒരു നല്ല ഹോട്ടലിൽ മുറിയെടുത്ത് ഞങ്ങളെ അവിടെ ആക്കി. റസ്റ്റോറൻ്റിൽ നിന്നും ഇഷ്ടമുള്ളത് വാങ്ങി കഴിച്ചു കൊള്ളാൻ പറഞ്ഞു. എന്നിട്ട് ആള് മുഴുവൻ സമയം ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടു. അവനവന് ഡ്രസ്സ് വാങ്ങാൻ പിശുക്കു കാണിച്ചിരുന്ന ആൾ, കാശു കൊടുത്ത് ഭക്ഷണവും വസ്ത്രങ്ങളും വാങ്ങി ക്യാമ്പിൽ കൊണ്ടു കൊടുക്കുന്നു. എനിക്കിതൊന്നും വിശ്വസിക്കാനേ സാധിച്ചില്ല.

എന്നെയും കുട്ടികളെയും ഒരു ദിവസം ക്യാമ്പിൽ കൂട്ടികൊണ്ട് പോയി. ഞങ്ങളുടെ വീടിനു അടുത്തുള്ള പലരും ആ ക്യാംപിൽ ഉണ്ടായിരുന്നു. ഞങ്ങൾ സാധനങ്ങൾ വാങ്ങിയിരുന്ന പ്രൊവിഷൻ ഷോപ്പ് ഉടമ, കട മുങ്ങി സാധനങ്ങൾ മുഴുവൻ നശിച്ചല്ലോ എന്ന് പറഞ്ഞ് ഭയങ്കര മാനസിക വിഷമം കാണിച്ചു. എന്റെ ഭർത്താവ് അയാളെ വിളിച്ച് ഞങ്ങളെയും കൂട്ടി അല്പം മാറി ഒരിടത്തിരുന്നു കൊണ്ട് ഭർത്താവിന്റെ അപ്പച്ചന്റെ കഥ പറഞ്ഞു.

അപ്പച്ചന് നാട്ടിൻപുറത്ത് ഒരു പലചരക്ക് കട ആയിരുന്നു ഉപജീവന മാർഗ്ഗം. ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് കടക്ക് തീപിടിച്ചു സകല സാധനങ്ങളും നശിച്ചു. ഇൻഷുറൻസ് ഒന്നും ഉണ്ടായിരുന്നില്ല. ബാങ്കിൽ നിന്നും കടമെടുത്തിരുന്നത് എങ്ങിനെ തിരിച്ചുകൊടുക്കും, ഇനി ജീവിക്കാൻ എന്തു ചെയ്യും, എന്നൊക്കെ ചിന്തിച്ച് അപ്പച്ചൻ ആകെ നിരാശനായി. അസുഖം വന്ന് കിടപ്പിലുമായി. അപ്പോൾ അമ്മക്ക് എവിടെ നിന്ന് എന്നറിയാത്ത പോലെ ഒരു ധൈര്യവും തന്റേടവും വന്നു.

എന്നിട്ട് എന്നോടു പറഞ്ഞു. കടമുറി വിറ്റ് ബാങ്കിലെ കടം വീട്ടാം. തൊഴുത്തിൽ ഒരു പശുവുണ്ട്, നമുക്ക് കറവയുള്ള രണ്ടെണ്ണം കൂടി വാങ്ങിയാൽ പാലു വിറ്റ് ചിലവു കഴിയാനുള്ളതു ഉണ്ടാക്കാം. കോഴിക്കൂടും വലുതാക്കണം. എന്റെ സ്വർണ്ണം വിറ്റാൽ ഇതിനുള്ള കാശൊക്ക തികയും. നമ്മളു പട്ടിണി കിടക്കില്ല. നീ ഈ വർഷം ഇനി സ്കൂളിൽ പോകേണ്ട. ഇവിടെ എന്നെ സഹായിക്കണം. ഒരു വർഷം ലേറ്റ് ആയി പത്താം ക്ലാസ്സിൽ എത്തുന്നത്, നല്ലതാണ്, കൂടെ പഠിക്കുന്നവരേക്കാൾ ഒരു വയസ്സിന്റെ മൂപ്പ് എല്ലാ കാര്യത്തിലും, നന്നാകാനും നശിക്കാനും, നിനക്ക് ഗുണം ചെയ്യും. അമ്മ പറയുന്നത് അതേ പോലെ അനുസരിച്ചാൽ നീ നന്നാകുകയേ ഉള്ളൂ, നശിക്കില്ല. നിന്റെ പെങ്ങളുടെ പഠിത്തം മുടങ്ങരുത്, മൂപ്പു കൂടിയാൽ അവളുടെ കല്യാണക്കാര്യത്തെ അത് ബാധിക്കും.

ഒരു വർഷം ഞാൻ അമ്മയുടെ കൂടെ വീട്ടുകാര്യം നോക്കി നടത്തി. പാലും മുട്ടയും തേങ്ങയും വിറ്റു കിട്ടുന്ന പണം സൂക്ഷിച്ച് അത്യാവശ്യത്തിനു മാത്രം ചിലവാക്കും. ചിലവു ചുരുക്കണം! വരുമാനം വർദ്ധിപ്പിക്കണം! ഇതായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. എല്ലാകാര്യങ്ങളിലും പിശുക്കാൻ പഠിച്ചത് അവിടെ നിന്നാണ്. ഭക്ഷണത്തിൽ പിശുക്കിയത് അളവിലല്ല വിഭവങ്ങളിലായിരുന്നു. പറമ്പിൽ നിന്നു കിട്ടുന്ന സാധനങ്ങൾ മാത്രമായിരുന്നു കറിവെച്ചിരുന്നത്. അരിയും മുളകും ഉപ്പും വെളിച്ചെണ്ണയും മാത്രമേ കടയിൽ നിന്നും വാങ്ങുകയുള്ളു. ചോറും മോരും ചമ്മന്തിയും സ്ഥിരം വിഭവമായത് അങ്ങിനെയാണ്. ഒരു മുട്ട തേങ്ങ ചേർത്തു പൊരിച്ച് നാലായി മുറിച്ച് ഓരോ കഷ്ണം, അതായിരുന്നു സ്പെഷ്യൽ.

ഏതാനും മാസം കൊണ്ട് അപ്പച്ചനും അസുഖം മാറി വീട്ടുകാര്യങ്ങളിൽ കൂടിത്തുടങ്ങി. ഞങ്ങളുടെ അദ്ധ്വാനം കണ്ട് അഭിമാനം തോന്നുന്നു എന്നു പറഞ്ഞ് അപ്പച്ചന്റെ അടുത്ത ഒരു ബന്ധു, ബാങ്കിലടക്കാനും സാധനങ്ങൾ വാങ്ങാനും ആവശ്യമുള്ള പണം പലിശയില്ലാതെ കടം തന്നു. ആറു മാസം കൊണ്ട്, അപ്പച്ചൻ കട പുതുക്കി മോടിപിടിപ്പിച്ച് വീണ്ടും തുറന്നു. നാട്ടിലെല്ലാവർക്കും ഞങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് അമ്മയെക്കുറിച്ച്, വലിയ അഭിമാനമായിരുന്നു. കാരണം വരുമാനം വർദ്ധിപ്പിക്കാൻ വേണ്ടി പാലിൽ വെള്ളം ചേർക്കുകയോ, പൊടി കലക്കുകയോ ഒരിക്കലും ചെയ്തിട്ടില്ല. അതുകൊണ്ട് കടയിലെ കച്ചവടവും നന്നായി വന്നു.

വയസ്സിൽ ഒരു വർഷത്തെ മൂപ്പു കൂടുതലുമായി, ഞാൻ ഒമ്പതാം ക്ലാസ്സിൽ രണ്ടാം വട്ടം പഠിക്കാൻ ഇരുന്നപ്പോഴാണ് മനസ്സിലാകുന്നത്, ചിന്തയിലും പെരുമാറ്റത്തിലും എനിക്ക് കൂട്ടുകാരേക്കാൾ പത്തു വയസ്സെങ്കിലും കൂടുതൽ ഉണ്ടെന്ന്. ക്ലാസ്സ് ലീഡറും സ്കൂൾ ലീഡറും ഒക്കെ ആയി ശോഭിക്കാൻ അതു പ്രയോജനപ്പെട്ടു. പത്തിലെ പരീക്ഷയ്ക്ക് ഉയർന്ന മാർക്കും, തുടർന്ന് അങ്ങോട്ട് എല്ലാ പരീക്ഷകളിലും ഉന്നത വിജയവും ഒരു ഡോക്ടറേറ്റും എനിക്കു ലഭിച്ചു. നല്ല ജോലിയും, ജോലിയിൽ ഉയർച്ചയും, എല്ലാം ലഭിക്കാനിടയായത്, സത്യത്തിൽ അന്ന് അപ്പന്റെ കട കത്തി പോയതു കൊണ്ടല്ലേ?

ചേട്ടൻ നിരാശപ്പെടരുത്, മനം മടുക്കാതെ അദ്ധ്വാനിക്കുമെങ്കിൽ, മുറിച്ചിട്ടിടത്തു നിന്നും വീണ്ടും തളിർത്തു വരുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ജീവിതം. വെള്ളം ഇറങ്ങുമ്പോൾ കടയിൽ തിരിച്ചു ചെല്ലുക. കേടായ സാധനങ്ങൾ എടുത്ത് സുരക്ഷിതമായി കളഞ്ഞിട്ട്, കട വൃത്തിയാക്കി, അണുവിമുക്തമാക്കുക. ഉള്ള കാശുകൊണ്ട്, പുതിയ സ്റ്റോക്ക് എടുത്ത് വെക്കുക. കുറച്ച് സാമ്പത്തികം ഞാനും സംഘടിപ്പിച്ചു തരാം. ചേട്ടന്റെ അദ്ധ്വാനവും ഉത്സാഹവും കാണുമ്പോൾ വിചാരിക്കാത്ത സഹായങ്ങൾ വന്നു ചേർന്നേക്കാം. പക്ഷേ സഹായത്തിനു വേണ്ടി കാത്തിരിക്കരുത്. ഒരു സഹായവും കിട്ടിയില്ലെങ്കിലും, പ്രയത്നം ഉപേക്ഷിക്കരുത്.

ആ ചേട്ടന് വലിയ സമാധാനം ആയതു പോലെ തോന്നി.

എൻ്റെ ഭർത്താവ് എന്നിട്ട് എന്റെ നേരെ തിരിഞ്ഞു പറഞ്ഞു, എൻ്റെ അമ്മ ഒരിക്കൽ പ്രഷർകുക്കറിൽ നാലു മുട്ട ധൃതിയിൽ പുഴുങ്ങി അതു നാലും പൊട്ടി വൃത്തികേടായി. അന്ന് നാലു മുട്ട പോകുന്നത് വലിയ നഷ്ടം തന്നെയായിരുന്നു. അതുകൊണ്ട് മേലിൽ കുക്കറിൽ മുട്ട പുഴുങ്ങരുത് എന്ന് അമ്മ എന്നോടു പറഞ്ഞു. അതിന്റെ ശാസ്ത്രീയ വശമൊന്നും ഞാൻ പിന്നെ ചിന്തിച്ചിട്ടേ ഇല്ല, ഞാൻ ഒരിക്കലും കുക്കറിൽ മുട്ട പുഴുങ്ങില്ല അത്രേ ഉള്ളു……….

പ്രിയപ്പെട്ടവരേ,
തീവ്രമായ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ സമയത്ത്, നാളെയെക്കുറിച്ച്, ഭാവിയെക്കുറിച്ച്, ആശങ്കപ്പെടുന്ന ധാരാളം സഹോദരങ്ങളുണ്ട് നമുക്കു ചുറ്റും. നമ്മളാലാവും വിധം അവരെ ആശ്വസിപ്പിക്കണം, ധൈര്യപ്പെടുത്തണം.
സംഭവിച്ചതിനെപ്പറ്റി ചിന്തിച്ച് ആകുലരാകരുതേ.

ഓരോ മോഹഭംഗവും ഒരുപാട് പുതിയ മോഹങ്ങൾക്ക് നിമിത്തമാകും. ഓരോ നാശവും പുതിയ അവസരങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്, ഇതു മറക്കരുതേ.

വീട്ടിലടച്ചിരിക്കുന്ന ഈ ദിവസങ്ങളിൽ എന്നും ഏതെങ്കിലും പുതിയ അറിവുകളോ കഴിവുകളോ സ്വായത്തമാക്കുവാൻ ശ്രദ്ധിക്കുക. ദിവസവും ഓരോ പുതിയ വാക്കുകളെങ്കിലും പഠിക്കണേ.

(കടപ്പാട്)

Related Articles

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട്  

Spread the love

Spread the loveകോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട്   മുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം […]

മാനസനിളയിൽ പൊന്നോളങ്ങൾ വരികൾ

Spread the love

Spread the loveരചന: യൂസഫലി കേച്ചേരി സംഗീതം: നൗഷാദ് പാടിയത്: കെ ജെ യേശുദാസ്, പി സുശീല ചിത്രം: ധ്വനി രാഗം: ആഭേരി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി(2) ഭാവനയാകും പൂവനിനിനക്കായ് വേദിക പണിതുയർത്തി… വേദിക പണിതുയർത്തി മാനസനിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനിയുണർത്തി രാഗവതീ നിൻ രമ്യശരീരം രാജിതഹാരം മാന്മഥസാരം വാർകുനുചില്ലിൽ […]

കോവിഡ്-19 വൈറസ് പൂച്ചകളെ ബാധിച്ചേക്കാം പക്ഷെ പട്ടികളെ ബാധിക്കില്ല: റിസർച്ച് റിപ്പോർട്ട് 

Spread the love

Spread the loveമുന്നറിയിപ്പ്: ഇത് ബയോആർക്കൈവിൽ പ്രസിദ്ധീകരിച്ച ഒരു റിസർച്ച് ആണ്. ഇതിന്റെ ആധികാരികത ഈ പേപ്പറിന്മേലുള്ള റിവ്യൂ പ്രോസസ്സ് കഴിഞ്ഞതിനു ശേഷം മാത്രമേ ഉറപ്പിക്കാനാവൂ. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പോലുള്ള ഏജൻസികൾ ഇപ്പോൾ ഇതിന്മേൽ അഭിപ്രായം പറയില്ല. ആധികാരികമായ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ അവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ വെളിപ്പെടുത്തൽ നടത്തൂ. അതുകൊണ്ടു […]

Leave a Reply

Your email address will not be published. Required fields are marked *